ഗസ്സസിറ്റി: ഗസ്സയിലെ അൽശിഫ ആശുപത്രിക്കു നേരെ ഇസ്രായേൽ ആക്രമണം കനപ്പിച്ചു. അൽശിഫയിൽ ഇസ്രായേൽ നിരോധിത ആയുധമായ ഫോസ്ഫറസ് ഉപയോഗിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. അനിവാര്യമായ മരണം ആശുപത്രിയിലെ രോഗികളെ കാത്തിരിക്കുന്നു. ഇസ്രായേലിനൊപ്പം ഐക്യരാഷ്ട്ര സഭക്കും അന്താരാഷ്ട്ര സമൂഹത്തിനും ഈ കുറ്റകൃതത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ആശുപത്രി അധികൃതർ സൂചിപ്പിച്ചു.
കഴിഞ്ഞ ഒരു മാസമായി ഗസ്സയിലും ലെബനാനിലും ഇസ്രായേൽ വൈറ്റ്ഫോസ്ഫറസ് ഉപയോഗിച്ചതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു. വെള്ളമോ വൈദ്യുതിയോ ഇല്ലാതെ വലിയ ദുരിതത്തിലാണ് ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി. ഇസ്രയേൽ ആശുപത്രികൾക്കു നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഫലസ്തീൻ ആരോപിച്ചു. ഇസ്രായേലിന്റെ സ്നൈപ്പേഴ്സും ടാങ്കറുകളും അൽ ശിഫ ആശുപത്രി വളഞ്ഞിരിക്കുകയാണ്.
ആശുപത്രിയിൽ വൻ തീപ്പിടിത്തമുണ്ടായതായി ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു. വൈദ്യുതി വിച്ഛേദിച്ചതിനാൽ ആശുപത്രിയിലെ ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണെന്നും തങ്ങൾ രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും അൽശിഫ ആശുപത്രിക്ക് അകത്തുള്ള മാധ്യമപ്രവർത്തകനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
രോഗികളും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകളാണ് അൽശിഫ ഹോസ്പിറ്റലിൽ കുടുങ്ങിക്കിടക്കുന്നത്. ആശുപത്രിയുടെ 300 മീറ്റർ ചുറ്റളവിൽ വലിയ ഏറ്റുമുട്ടലാണ് നടക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിന് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. നേരത്തെ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളവരെ ലക്ഷ്യമിട്ടാണ് വീണ്ടും ആക്രമണം നടക്കുന്നതെന്ന് അൽശിഫ ഹോസ്പിറ്റൽ ഡയറക്ടർ ജനറൽ പറഞ്ഞു.
ആശുപത്രികൾ ലക്ഷ്യമിട്ട് ഇസ്രായേൽ തുടർച്ചയായ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും അന്താരാഷ്ട്ര സമൂഹം ഇതിൽ ഇടപെടണമെന്ന് അൽ നാസർ ഹോസ്പിറ്റലിലെ ഡോക്ടർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മനഃസാക്ഷിയുള്ളവർ ഇതിൽ ഇടപെടണം. ഈ യുദ്ധക്കുറ്റങ്ങൾ നിർത്താൻ സമ്മർദം ചെലുത്താതെ മുഴുവൻ രാഷ്ട്രീയ നേതാക്കളുടെയും കൈകളിൽ ഗസ്സയിലെ ജനങ്ങളുടെ രക്തം പുരണ്ടിട്ടുണ്ടെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ 11000ത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.