ഗസ്സ: ശക്തമായ കരയുദ്ധത്തിനൊപ്പം മണിക്കൂറുകളുടെ ഇടവേളയിൽ ജബലിയ അഭയാർഥി ക്യാമ്പിനുനേരെ വീണ്ടും ഇസ്രായേലി വ്യോമാക്രമണം. 50ലേറെ പേരുടെ മരണത്തിനിടയാക്കിയ ചൊവ്വാഴ്ചത്തെ ആക്രമണത്തിന്റെ മുറിവുണങ്ങും മുമ്പാണ് ബുധനാഴ്ച വീണ്ടും ബോംബിട്ടത്. ഗസ്സയിലെ വാർത്താവിനിമയ സംവിധാനങ്ങൾ ബുധനാഴ്ച രാവിലെ പൂർണമായും നിലച്ചു.
പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും എത്ര പേർ കൊല്ലപ്പെട്ടുവെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 3,648 കുട്ടികളും 2,290 സ്ത്രീകളുമടക്കം ഗസ്സയിലെ ആകെ മരണം 8,796 ആയി. 22,219 പേർക്ക് പരിക്കേറ്റു. 1,020 കുട്ടികളടക്കം 2,030 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. വെസ്റ്റ്ബാങ്കിൽ 122 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അതിനിടെ, ഗസ്സയിൽ പരിക്കേറ്റവരെ ചികിത്സക്കായി ഈജിപ്തിലെത്തിക്കാൻ റഫ അതിർത്തി തുറന്നു. ഗുരുതര പരിക്കുള്ള 81 പേരെ ഈജിപ്തിലേക്ക് മാറ്റി.
വിദേശ പാസ്പോർട്ടുള്ളവരെയും അതിർത്തി കടക്കാൻ അനുവദിച്ചു. ടാങ്കുകളും കവചിത വാഹനങ്ങളുമായെത്തിയ ഇസ്രായേൽ സൈനികരും ഹമാസ് പോരാളികളും തമ്മിൽ ഗസ്സയിൽ രൂക്ഷമായ കരയുദ്ധം തുടരുകയാണ്. ഹമാസിന്റെ പ്രതിരോധത്തിൽ 13 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. നിരവധി സൈനിക വാഹനങ്ങൾ തകർത്തതായി ഹമാസ് അവകാശപ്പെട്ടു. ഗസ്സയിലെ മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാൻ തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയ തീരുമാനിച്ചു. ആയിരക്കണക്കിന് നിരപരാധികളുടെ കൂട്ടക്കുരുതിക്ക് ഇടയായ ആക്രമണം ഉടൻ നിർത്തണമെന്ന് പ്രസിഡൻഷ്യൽകാര്യ മന്ത്രി മരിയ നെല പ്രാദ ആവശ്യപ്പെട്ടു. കൊളംബിയയും ചിലിയും ഇസ്രായേൽ സ്ഥാനപതിമാരെ പിൻവലിക്കും.
ഇന്ധനക്ഷാമത്തെ തുടർന്ന് ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായ അൽ ശിഫ ഹോസ്പിറ്റലിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ഏതാനും മണിക്കൂറുകൾക്കകം ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചാൽ 42 നവജാതശിശുക്കളടക്കം നൂറുകണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗസ്സയിലെ ഏക കാൻസർ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു.
ചൊവ്വാഴ്ച ജബലിയ അഭയാർഥി ക്യാമ്പിനുനേരെ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഹമാസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇസ്രായേലിലേക്ക് ഭക്ഷണവും എണ്ണയും കയറ്റുമതി ചെയ്യുന്നത് നിർത്താൻ മുസ്ലിം രാജ്യങ്ങളോട് ഇറാൻ നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടു. ആക്രമണം തുടർന്നാൽ ഇസ്രായേൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് ഇസ്രായേൽ ആക്രമണമെന്നും മേഖലയെ യുദ്ധക്കളമാക്കാൻ അനുവദിക്കില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ പറഞ്ഞു. അഭയാർഥി ക്യാമ്പിനുനേരെ നടത്തിയ ആക്രമണത്തെ ഖത്തറും സൗദി അറേബ്യയും യു.എ.ഇയും ശക്തമായി അപലപിച്ചു. യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ഇസ്രായേലിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.