ഗസ്സ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ

ചോരക്കൊതി തീരാതെ ഇസ്രായേൽ: ഗസ്സയിലും ലബനാനിലും കുട്ടികളടക്കം 100 പേരെ കൂടി കൊലപ്പെടുത്തി

ഗസ്സ/ബൈറൂത്ത്: ഗസ്സയിൽ ഇനി ഇസ്രായേൽ സേനയെ നിർത്തേണ്ട ആവശ്യമില്ലെന്ന് പുറത്താക്കപ്പെട്ട ഇസ്രായേൽ പ്രതിരോധമന്ത്രി ​യൊആവ് ഗാലന്റ് തുറന്നുപറഞ്ഞിട്ടും ചോരക്കൊതി തീരാതെ നെതന്യാഹു ഭരണകൂടം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിലും ലബനാനിലുമായി കുട്ടികളും സ്ത്രീകളുമടക്കം 100പേരെ ഇസ്രായേൽ അധിനിവേശസേന ആകാശത്തുനിന്ന് ബോംബിട്ട് കൊലപ്പെടുത്തി.

ഗസ്സയിലുടനീളം നടത്തിയ ഇസ്രായേൽ വ്യോമാക്രമണത്തിൽ 50ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ സ്രോതസ്സുകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗസ്സയിൽ മാത്രം 42 പേരെങ്കിലും കൊല്ലപ്പെട്ടു. അതേസമയം, ലബനാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സേന 52 പൗരന്മാ​രെ കൊലപ്പെടുത്തിയതായി ലബനാൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 161 പേർക്ക് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റു.

ലബനാനിലെ സിഡോൺ നഗരത്തിൽ വാഹനത്തിന് നേരെ ബോംബിട്ട് മൂന്ന് പേരെ ഇസ്രായേൽ അധിനിവേശ സേന കൊലപ്പെടുത്തി. ഈ വാഹനത്തിന് സമീപമുണ്ടായിരുന്ന ഐക്യരാഷ്ട്രസഭയുടെ യുനിഫിൽ സേനാംഗങ്ങളായ ആറ് മലേഷ്യൻ പൗരന്മാർക്കും പരിക്കേറ്റു.

ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യയിൽ ഇതിനകം കുറഞ്ഞത് 43,469 ഫലസ്തീനികൾ കൊല്ലപ്പെടുകയും 102,561 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലബനാനിൽ ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 3,102 പേർ കൊല്ലപ്പെടുകയും 13,819 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - Israeli air strikes kill more than 100 across Gaza, Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.