ഡമസ്കസ്: വിമതസേന അധികാരം പിടിച്ച സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണം. സിറിയൻ തലസ്ഥാനത്ത് ഒരു സുരക്ഷാ സമുച്ചയത്തിനും മിസൈലുകൾ വികസിപ്പിക്കാൻ ഇറാൻ ഉപയോഗിച്ചിരുന്നുവെന്ന് പറയുന്ന ഗവേഷണ കേന്ദ്രത്തിനും നേരെയാണ് ഇസ്രായേൽ ബോംബിട്ടത്. ആയുധ ഗവേഷണകേന്ദ്രത്തിന് കാര്യമായ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പതിറ്റാണ്ടുകളായി സിറിയ സൂക്ഷിച്ചിരുന്ന രാസായുധങ്ങളും മറ്റ് നിരോധിത യുദ്ധസാമഗ്രികളും മിസൈലുകളും ഞായറാഴ്ച ഡമാസ്‌കസിലെ വിമതരുടെ കൈകളിൽ എത്തുന്നത് തടയാനാണ് ഇസ്രായേൽ നീക്കമെന്നാണ് റിപ്പോർട്ട്.
സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെ പുറത്താക്കി പ്രതിപക്ഷ സേനയായ ഹയാത് തഹ്‍രീർ അൽ ശാം (എച്ച്.ടി.എസ്)രക്തരഹിത വിപ്ലവത്തിലൂടെയാണ് ഭരണം പിടിച്ചെടുത്തത്. പ്രതിപക്ഷസേന ഡമസ്കസ് കീഴടക്കുന്നതിന് തൊട്ടുമുമ്പ് ബശ്ശാറുൽ അസദ് കുടുംബത്തിനൊപ്പം റഷ്യയിൽ അഭയം തേടുകയായിരുന്നു.
സിറിയയിൽ അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഭരണത്തിനാണ് ഇതോടെ വിരാമമായത്. അസദിന്റെ വീഴ്ച ജനങ്ങൾ തെരുവിലിറങ്ങി ആഘോഷിച്ചു. ഡമസ്കസിലെ അസദിന്റെ സ്വകാര്യ വസതി കൈയേറിയ ജനങ്ങൾ സാധനങ്ങൾ നശിപ്പിച്ചു.
ബശ്ശാറുൽ അസദ് റഷ്യയിൽ അഭയം തേടുമ്പോഴും ഇനി ഭാവിയെന്തെന്ന ചോദ്യം നിലനിൽക്കുന്നു. ഒമ്പതു വർഷമായി അസദിനെ നിലനിർത്തിയ രാജ്യം അഭയം നൽകിയെന്ന് റഷ്യ സ്ഥിരീകരിച്ചുകഴിഞ്ഞു.
സിറിയയിൽ അധികാരം പിടിച്ച വിമതരുമായി നയതന്ത്ര സംഭാഷണം ആരംഭിച്ചതായും രാജ്യത്തെ റഷ്യൻ സൈനിക കേന്ദ്രങ്ങൾക്ക് അവർ സുരക്ഷ ഉറപ്പു നൽകിയതായും ഔദ്യോഗിക ചാനലായ ആർ.ഐ.എ നൊവോസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.