ഗസ്സ: റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്. മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിലായാണ് 12 പേർ കൊല്ലപ്പെട്ടതെന്ന് വാർത്ത ഏജൻസിയായ വഫ അറിയിച്ചു. 10 ലക്ഷത്തോളം ഫലസ്തീനികൾ അഭയാർഥികളായി കഴിയുന്ന റഫയിലെ ഇസ്രായേൽ ആക്രമണം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച റഫയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. രാത്രിയോടെയാണ് മേഖലയിൽ ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ചതിനെ തുടർന്ന് ആഘോഷവുമായി ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഏകപക്ഷീയമായി ഇസ്രായേൽ ആക്രമണം നടത്തുകയായിരുന്നു. ഹമാസിനെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ സേന കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.
കെയ്റോയിൽ നടന്ന വെടിനിർത്തൽ കരാറിലെ നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചിരുന്നു. തീരുമാനം ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ ചർച്ചയിൽ മധ്യസ്ഥരായ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു. ഈജിപ്തും ഖത്തറുമാണ് മുന്ന് ഘട്ടങ്ങളിലായുള്ള വെടിനിർത്തൽ കരാറിന്റെ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിക്കുന്നതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയെയും ഈജിപ്ഷ്യൻ ഇൻറലിജൻസ് മന്ത്രി അബ്ബാസ് കമാലിനെയും ഹനിയ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. അതേസമയം, നിർദേശം പഠിച്ചുവരികയാണെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.
സ്ഥിരമായ വെടിനിർത്തൽ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളാണ് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിൽ ഉൾപ്പെടുന്നത്. ഓരോന്നും 42 ദിവസം വീതം ദൈർഘ്യമുണ്ടായിരിക്കുമെന്ന് ഹമാസ് നേതാവ് ഖലീൽ ഹയ്യ, ‘അൽ ജസീറ’ ചാനലിനോട് സ്ഥിരീകരിച്ചു
വടക്കൻ ഗസ്സയെയും തെക്കൻ ഗസ്സയെയും വിഭജിക്കുന്ന തരത്തിൽ ഇസ്രായേൽ നിർമിച്ച നെറ്റ്സാരിം ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിൻവാങ്ങണമെന്നതാണ് ആദ്യ ഘട്ടം. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഗസ്സയിലേക്ക് മാനുഷിക സഹായവും ഇന്ധനവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിനും ഈഘട്ടത്തിൽ അനുമതി നൽകും. കൂടാതെ, ഹമാസ് തടവിലാക്കിയ ഇസ്രായേലി സ്ത്രീകളെ വിട്ടയക്കും. ഓരോ ബന്ദിക്കും പകരം 50 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും.
രണ്ടാം ഘട്ടത്തിലാണ് പുരുഷ ബന്ദികളെ മോചിപ്പിക്കുക. ഇവർക്ക് പകരം വിട്ടയക്കുന്ന ഫലസ്തീൻ തടവുകാരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ഈ ഘട്ടത്തിൽ ഇരുപക്ഷവും സൈനിക നടപടികൾ സ്ഥിരമായി അവസാനിപ്പിക്കും. ഗസ്സയിൽ നിന്ന് ഇസ്രായേൽ സേനയെ പൂർണമായി പിൻവലിക്കും.
മൂന്നാം ഘട്ടത്തിൽ ഗസ്സക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതും പുനർനിർമ്മാണ പദ്ധതി നടപ്പാക്കുന്നതും അടക്കമുള്ള വ്യവസ്ഥകളാണ് ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.