ഗസ്സ: ഗസ്സയിലെ ജബാലിയയിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ ഇസ്രായേൽ സൈന്യം ബോംബിട്ടു. സഫ്താവി ഭാഗത്തെ അൽ നസ്ല സ്കൂളിലാണ് ബോംബിട്ടത്.
അഭയാർഥികൾക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അഞ്ചുകുട്ടികൾ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിരവധി കുട്ടികളാണ് ആക്രമണത്തിനിരയായത്.
വടക്കൻ ഗസ്സയിലെ ആരോഗ്യ സംവിധാനമെല്ലാം തകർന്നു കിടക്കുന്നതിനാലും ഇന്ധനക്ഷാമം കാരണം ആംബുലൻസുകൾക്ക് വരാൻ കഴിയാത്തതിനാലും പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ പ്രയാസപ്പെട്ടു. 24 മണിക്കൂറിനിടെ 46 പേർ കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 പേർക്ക് പരിക്കേറ്റു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 35,903 ആയി. 80,420 പേർക്ക് പരിക്കേറ്റു.
തെക്കൻ ഗസ്സയിലെ റഫയിലും ശനിയാഴ്ച കനത്ത ആക്രമണം നടത്തി. റഫയിലെ സൈനിക നടപടി അടിയന്തരമായി നിർത്തിവെക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിന് വിലകൽപിക്കാതെയാണ് ആക്രമണം തുടർന്നത്. സുഹൃദ് രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമ്മർദങ്ങളെയും ഇസ്രായേൽ പരിഗണിക്കുന്നില്ല. ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജബാലിയയിലെ സിവിലിയൻ കേന്ദ്രമായ അൽ ഫലൂജയിലും ആക്രമണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.