ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു

തെൽ അവീവ്: ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച മാത്രം 31 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ഗസ്സയിൽ സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണം ഇസ്രായേൽ തുടരുകയാണ്.

ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 42,792 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 16,765 പേർ കുട്ടികളാണ്. ഏ​കദേശം പതിനായിരത്തോളം പേരെ കാണാതായിട്ടുണ്ട്. ഇതുവരെ ഒരു ലക്ഷത്തോളം പേർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ റോക്കറ്റാക്രമണവും നടത്തി. ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും വഫ ന്യൂസ് ഏജൻസി വ്യക്തമാക്കുന്നു.

അതേസമയം, ഇസ്രായേൽ അധിനിവേശം മൂലം ഗസ്സ സമ്പദ്‍വ്യവസ്ഥയിൽ വലിയ തകർച്ചയുണ്ടാവുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് തകർന്നടിഞ്ഞ ഗസ്സയിലെ സമ്പദ്‍വ്യവസ്ഥ പഴയ നിലയിലേക്ക് എത്തണമെങ്കിൽ 350 വർഷം വേണ്ടി വരുമെന്ന റിപ്പോർട്ടാണ് വന്നത്. യു.എന്നാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. യുദ്ധത്തിന് മുമ്പ് തന്നെ ഗസ്സയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ വലിയ തകർച്ചയെ അഭിമുഖീകരിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ അധിനിവേശത്തോടെ സാമ്പത്തിക പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു. കടുത്ത കുടിവെള്ള, ഇന്ധന, വൈദ്യുതി ക്ഷാമം ഗസ്സയെ വലച്ചു. ഭക്ഷ്യവസ്തുക്കളും ആരോഗ്യസേവനങ്ങളും പോലും ഗസ്സക്ക് ലഭിക്കാതെയായി.

യു.എന്നിന്റെ കണക്കുകൾ പ്രകാരം നിർമാണ പ്രവർത്തനങ്ങൾ 96 ശതമാനം ഇടിഞ്ഞു. കാർഷിക പ്രവർത്തനങ്ങൾ 93 ശതമാനവും സേവനമേഖലയിൽ 76 ശതമാനവും ഇടിവുണ്ടായി. ഗസ്സയിലെ തൊഴിലില്ലായ്മ 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 81.7 ശതമാനമായി ഉയർന്നു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം ഇനിയും തുടരുകയാണെങ്കിൽ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്നാണ് യു.എന്നിന്റെ മുന്നറിയിപ്പ്.

Tags:    
News Summary - Israeli army bombs kill at least 31 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.