കനിവില്ലാതെ ഇസ്രായേൽ; ഗതികെട്ട് ഫലസ്തീനികൾ

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ തുൽകറേം അഭയാർഥി ക്യാമ്പിലെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവർ ഹമാസ് പോരാളികളാണോ സാധാരണക്കാരാണോ എന്നത് വ്യക്തമല്ല. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല. തുൽകറേം അഭയാർഥി ക്യാമ്പിൽ 12 മണിക്കൂറിലേറെ ഇസ്രായേൽ സേന ആക്രമണം നടത്തിയതായും നിരവധി വീടുകൾക്ക് തീയിട്ടതായും അൽജസീറ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ പത്ത് മാസത്തിനിടെ 90 വീടുകളെങ്കിലും ഇസ്രായേൽ സേന തകർത്തതായി റിപ്പോർട്ട് പറയുന്നു. ഒക്ടോബർ ഏഴിനുശേഷം അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഏറ്റുമുട്ടൽ ശക്തമായിട്ടുണ്ട്. ചുരുങ്ങിയത് 637 ഫലസ്തീനികൾക്ക് ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 1967ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്തതാണ് വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കൻ ജറൂസലം മേഖലകൾ. ഈ മൂന്ന് പ്രദേശങ്ങൾ ഉൾപ്പെടുത്തി സ്വതന്ത്ര രാഷ്ട്രം രൂപവത്കരിക്കണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം. എന്നാൽ, ഇസ്രായേൽ പൗരത്വമുള്ള അഞ്ച് ലക്ഷത്തിലേറെ ജൂത കുടിയേറ്റക്കാരാണ് ഇവിടെയുള്ളത്. അതേസമയം, 30 ലക്ഷത്തോളം വരുന്ന ഫലസ്തീനികൾ ഇസ്രായേൽ സൈനിക ഭരണത്തിന് കീഴിലാണ് കഴിയുന്നത്.

അതിനിടെ, ഗസ്സയുടെ മധ്യ, തെക്കൻ മേഖലകളിൽ അധിനിവേശ സേനയുടെ രൂക്ഷമായ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ദാർ അൽ ബലാഹിലും ഖാൻ യൂനിസിലുമായിരുന്നു പീരങ്കി, ഡ്രോൺ ആക്രമണം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ദാർ അൽ ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ അഭയാർഥികൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ഇസ്രായേൽ സേനയുടെ പീരങ്കികൾ ഇരച്ചെത്തിയതോടെ ആയിരക്കണക്കിന് ഫലസ്‍തീനികൾ വീണ്ടും സുരക്ഷിത ഇടം തേടി പലായനം ചെയ്തു.

ഖത്തർ പ്രധാനമന്ത്രി ഇറാനിലേക്ക്

ദുബൈ: പശ്ചിമേഷ്യയിൽ യുദ്ധ വ്യാപനഭീതി നിലനിൽക്കെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വരും ദിവസം ഇറാൻ സന്ദർശിക്കും. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ച്ചിയും അദ്ദേഹത്തെ അനുഗമിക്കും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും ഗസ്സ ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയുമാണ് സന്ദർശന ലക്ഷ്യമെന്ന് ഇറാൻ വാർത്ത ഏജൻസി ‘തസ്നീം’ റിപ്പോർട്ട് ചെയ്തു. പത്ത് മാസത്തിലേറെയായി തുടരുന്ന ഗസ്സ ആക്രമണം അവസാനിപ്പിക്കാൻ ഈജിപ്തിനും യു.എസിനുമൊപ്പം ഖത്തറാണ് വെടിനിർത്തൽ ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്. തെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കാനുള്ള ഇറാന്റെ നീക്കം മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് ആശങ്കയുയർന്ന പശ്ചാത്തലത്തിലാണ് ഖത്തർ പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനം.

Tags:    
News Summary - Israeli attacks kill at least 40 today in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.