ഇസ്രായേലിന് ആയുധസഹായം തുടരുമെന്ന് കമല ഹാരിസ്: ‘ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഉറപ്പാക്കും’

ഷിക്കാഗോ: ഗസ്സയിലെ നരഹത്യ 322 ദിവസമായി തുടരുന്നതിനിടെ ഇസ്രായേലിന് ആയുധം നൽകുന്നത് തുടരുമെന്ന സൂചന നൽകി ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസ്. ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിലാണ് (ഡിഎൻസി) പ്രഖ്യാപനം. ‘ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാൻ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാൻ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബർ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേൽ ജനത അഭിമുഖീകരിക്കരുത്’ -എന്നായിരുന്നു ഇത് സംബന്ധിച്ച പരാമർശം.

നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിനെ തോൽപ്പിച്ചാൽ ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിൽ താൻ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു അവർ. ‘ഗസ്സയിലെ യുദ്ധവുമായി ബന്ധപ്പെട്ട് പ്രസിഡൻറ് ബൈഡനും ഞാനും രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്. കാരണം ഇപ്പോൾ ബന്ദി മോചനവും വെടിനിർത്തൽ കരാറും നടത്താനുള്ള സമയമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാൻ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാൻ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബർ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേൽ ജനത അഭിമുഖീകരിക്കരുത്. സംഗീതോത്സവത്തിൽ പ​​ങ്കെടുത്തവർക്ക് നേരെ ലൈംഗികാതിക്രമങ്ങളും കൂട്ടക്കൊലയും നടത്തി’ -കമല ഹാരിസ് പറഞ്ഞു.

അതേസമയം ഗസ്സയിൽ വിനാശകരമായ കാര്യങ്ങളാണ് കഴിഞ്ഞ 10 മാസമായി നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ‘അതേ സമയം ഗസ്സയിൽ കഴിഞ്ഞ 10 മാസമായി വിനാശകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. പട്ടിണി കിടക്കുന്ന മനുഷ്യർ സുരക്ഷ തേടി വീണ്ടും വീണ്ടും പലായനം ചെയ്യുന്നു. അവരുടെ കഷ്ടപ്പാടുകർ ഹൃദയഭേദകമാണ്’ -കമല ഹാരിസ് പറഞ്ഞു.

ഇസ്രായേലിന്റെ സുരക്ഷയും ബന്ദി മോചനവും ഉറപ്പാക്കാനും ഗസ്സയിലെ കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് ഫലസ്തീൻ ജനതക്ക് അവരുടെ അന്തസ്സും സുരക്ഷിതത്വവും സ്വാതന്ത്ര്യവും സ്വയം നിർണ്ണയാവകാശവും നേടാനും ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡൻറ് ബൈഡനും താനും പ്രയത്നിക്കുകയാണെന്നും അവർ പറഞ്ഞു. ഇറാൻ പിന്തുണയുള്ള ഭീകരരിൽനിന്ന് തങ്ങളുടെ സേനയെ സംരക്ഷിക്കുമെന്നും നിലവിലെ വൈസ് പ്രസിഡൻറ് കൂടിയായ കമല ഹാരിസ് പറഞ്ഞു.

കൺവെൻഷനിൽ ഇസ്രായേലിൽ നിന്നുള്ള ഒരു കുടുംബത്തിന് സംസാരിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ, പക്ഷപാതപരമായി ഇസ്രായേലിന് മാത്രം അവസരം നൽകുകയും ഫലസ്തീനികളെ പ്രതിനിധീകരിച്ച് ഫലസ്തീൻ -അമേരിക്കൻ കുടുംബത്തിന് സംസാരിക്കാൻ അവസരം നൽകാതിരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് അൺകമ്മിറ്റഡ് നാഷണൽ മൂവ്‌മെൻറിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം തുടരുന്നതിനിടെയാണ് കമല ഹാരിസിന്റെ പ്രസംഗം.

Tags:    
News Summary - Kamala Harris Tells DNC: I Will Always Ensure Israel Has the Ability to Defend Itself, Working to End Suffering in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.