ഗസ്സ: പ്രസവത്തിന് ആശുപത്രിയിലേക്ക് പോവുകയായിരുന്ന നാല് ഗർഭിണികളെ ഗസ്സയിൽ ഇസ്രായേൽ സേന വെടിവെച്ചുകൊന്ന് ദേഹത്ത് ബുൾഡോസർ കയറ്റിയിറക്കിയതായി വെളിപ്പെടുത്തൽ. സാധാരണ പൗരന്മാരാണെന്ന സൂചന നൽകാൻ കൈകളിൽ വെള്ളക്കൊടിയുമേന്തി അൽ-അവ്ദ ആശുപത്രിയിലേക്ക് തിരിച്ച പൂർണ ഗർഭിണികളോടാണ് ഇസ്രായേൽ അധിനിവേശ സേന കൊടുംപാതകം ചെയ്തത്. ഡിസംബർ മൂന്നിന് നടന്ന സംഭവത്തെ കുറിച്ച് അൽജസീറ ചാനലാണ് പുറംലോകത്തെ അറിയിച്ചത്.
രണ്ടാഴ്ചയിലേറെയായി ഇസ്രായേൽ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശമായ താൽ അൽസഅ്തറിലാണ് സംഭവം. ഇവരെ കൊലപെപടുത്തിയ ശേഷം മൃതദേഹങ്ങൾ ഖബറടക്കുകപോലും ചെയ്യാതെ പെരുവഴിയിൽ ഉപേക്ഷിച്ചതായും അൽജസീറ അറബിക് ലേഖകൻ അനസ് അൽ ശരീഫ് റിപ്പോർട്ട് ചെയ്തു. വികൃതമാക്കിയതും അഴുകിയതുമായ മറ്റ് നിരവധി മൃതദേഹങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
شاهد عيان من منطقة تل الزعتر شمال قطاع غزة: جرافات الاحتلال بقرت بطون الحوامل وقتلتهن دهساً، أثناء توجههن للولادة في مستشفى العودة. pic.twitter.com/rLPlcG4zlO
— أنس الشريف Anas Al-Sharif (@AnasAlSharif0) December 23, 2023
അതിനിടെ, അൽ-അവ്ദ ആശുപത്രിയിൽ പ്രസവത്തിനെത്തിയതടക്കമുള്ള സ്ത്രീകളെയും ബുൾഡോസർ ഉപയോഗിച്ച് കൊലപ്പെടുത്തി. ‘ആശുപത്രിയിലുണ്ടായിരുന്നവർക്ക് നേരെ ഒരുദയയുമില്ലാതെ ബുൾഡോസർ ഓടിച്ചുകയറ്റുകയായിയിരുന്നു. രണ്ട് ഗർഭിണികളടക്കം ക്രൂരമായി കൊല്ലപ്പെട്ടു. ബുൾഡോസറുകൾ ഇടിച്ച് നിലത്തിട്ട ശേഷം വെടിയുതിർക്കുകയായിരുന്നു. കൂട്ടക്കൊലയാണ് അവിടെ നടന്നത്’ -ദൃക്സാക്ഷി അൽജസീറയോട് പറഞ്ഞു.
ഒക്‌ടോബർ 7 മുതൽ ഇതുവെര 20,500ഓളം പേരെയാണ് ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. ഏഴായിരം പേരെ കാണാതായതായും ഗസ്സ മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മാഇൽ അൽസവാബ്ത പറഞ്ഞു.
വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രിയിൽ ഇസ്രായേൽ സേന ഖബർ മാന്തിപ്പൊളിച്ച് മൃതദേഹങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് വികൃതമാക്കിയതായി അമേരിക്കൻ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംമേൽ മുഖം നോക്കാതെ കയറ്റിയിറക്കിയ ശേഷമാണ് മൃതദേഹങ്ങളോടും അനാദരവ് കാണിച്ചതെന്ന് ഡോക്ടർമാരെയും ജീവനക്കാരെയും ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് കമാൽ അദ്‍വാൻ ആശുപത്രിയിൽ ബുൾഡോസറുകളുമായി ഇസ്രായേൽ സൈന്യം എത്തിയത്. ഹമാസ് താവളമാക്കിയെന്ന് ആരോപിച്ച് ഇരച്ചുകയറിയ സൈന്യം അടുത്തിടെ ആശുപത്രി വളപ്പിൽ ഖബറടക്കിയ മൃതദേഹങ്ങൾ മാന്തി പുറത്തിട്ടു. വലിച്ചിഴക്കുകയും പിന്നീട് ബുൾഡോസറുകൾ ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ആശുപത്രി ശിശുപരിചരണ വിഭാഗം മേധാവി ഹുസാം അബൂസാഫിയ പറയുന്നു. ജീവിതത്തിൽ ഒരിക്കലും കാണാത്ത അനുഭവമായിരുന്നു ഇതെന്നും അദ്ദേഹം നടുക്കത്തോടെ പങ്കുവെക്കുന്നു.
ആശുപത്രി വളപ്പിൽ വികൃതമാക്കപ്പെട്ട്, അഴുകിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങളുടെ വിഡിയോകളും ചിത്രങ്ങളും തങ്ങൾക്ക് ലഭിച്ചതായി സി.എൻ.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആശുപത്രി നഴ്സിങ് മേധാവി ഈദ് സബ്ബാഹും മറ്റൊരു നഴ്സ് അസ്മ തൻത്വീശും ഇത് സ്ഥിരീകരിച്ചു. ‘‘ഞങ്ങളുടെ കണ്ണുകൾക്ക് മുന്നിലായിരുന്നു ആശുപത്രി മുറ്റത്ത് ക്രൂരകൃത്യം. അരുതെന്നാവശ്യപ്പെട്ട് ഉറക്കെ അലറിക്കരഞ്ഞെങ്കിലും അവർ അലിവു കാണിച്ചില്ല’’- തൻത്വീശ് പറഞ്ഞു. ഡിസംബർ 15ലെ ഉപഗ്രഹ ചിത്രങ്ങൾ ആശുപത്രി വളപ്പ് ഇടിച്ചുനിരപ്പാക്കിയത് വ്യക്തമാക്കുന്നുണ്ടെന്നും സി.എൻ.എൻ ലേഖകൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.