ഡോക്ടർമാരുടെ വേഷം ധരിച്ച് ഇസ്രായേൽ സേന കൊന്നത് കാലുകൾ തളർന്ന യുവാവടക്കം മൂന്നുപേരെ; യുദ്ധക്കുറ്റമെന്ന് ഫലസ്തീൻ

റാമല്ല: ഫലസ്തീനിലെ ആശുപത്രിയിൽ ഡോക്ടർമാരുടെയും സ്ത്രീകളുടെയും വേഷമണിഞ്ഞ് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം കാലുകൾ തളർന്ന് ചികിത്സയിലായിരുന്ന യുവാവിനെയും സഹോദരനെയും സുഹൃത്തിനെയും വധിച്ചു. മുഹമ്മദ് ജലാംനീഹ്, സഹോദരങ്ങളായ ബാസിൽ അൽഗസാവി, മുഹമ്മദ് അൽഗസാവി എന്നിവരാണ് വെസ്റ്റ് ബാങ്കിലെ ജെനിൻ ഇബ്നു സീന ആശുപത്രിയിൽ കൊല്ലപ്പെട്ടത്.

ജെനിനിൽ മാസങ്ങൾക്ക് മുമ്പ് മിസൈലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നു ബാസിൽ. വീൽചെയറിന്റെ സഹായത്തിൽ കഴിയുന്ന ഇദ്ദേഹത്തെ സഹായിക്കാൻ എത്തിയതായിരുന്നു സഹോദരനും സുഹൃത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 5.30ഓടെയാണ് കുരുതി അരങ്ങേറിയത്.

സ്ത്രീവേഷത്തിൽ മൂന്നുപേരും ഡോക്ടർ വേഷത്തിൽ രണ്ടുപേരുമടക്കം തോക്കേന്തിയ 12 പേരാണ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപാതകം നടത്തിയത്.

ആശുപത്രിയുടെ ഭാഗങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ പറ്റി. നഴ്സുമാരുടെ വേഷമണിഞ്ഞ സൈനികർ വരെ സംഘത്തിലുണ്ടായിരുന്നുവെന്നും അകത്തുകയറിയ ഉടൻ എല്ലാവരും തോക്ക് പുറത്തെടുക്കുകയായിരുന്നുവെന്നും ആശുപത്രി ഡയറക്ടർ തൗഫീഖ് അൽശൗബകി പറഞ്ഞു. ചെറുക്കാൻ ശ്രമിച്ച ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്കു നേരെയും ആക്രമണമുണ്ടായി. ഞെട്ടിക്കുന്ന ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂവരും ഒരു ആക്രമണത്തിലും പങ്കാളികളായവരല്ലെന്നും സംഭവം യുദ്ധക്കുറ്റമാണെന്നും ഇസ്രായേലിനെതിരെ രാജ്യാന്തര സമൂഹം രംഗത്തിറങ്ങണമെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

മുമ്പും ഇതേ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഗസ്സയിൽ 24 മണിക്കൂറിനിടെ 114 പേരെ ഇസ്രായേൽ സൈന്യം വധിച്ചു. 249 പേർക്ക് പരിക്കേറ്റു. ഇതോടെ കൊല്ലപ്പെട്ടവർ 26,751 ആയി.

Tags:    
News Summary - Israeli forces kill three Palestinians in West Bank hospital raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.