ബന്ദികളിലൂടെ ലക്ഷ്യമിട്ടത് ഫലസ്തീനി തടവുകാരുടെ മോചനം മാത്രം, പൂര്‍ണ ഉത്തരവാദിത്വം ഇസ്രായേലിന് -ഹമാസ്

ഗസ്സ: ഇസ്രായേൽ തടവറയിൽ പീഡിപ്പിക്കപ്പെടുന്ന ഫലസ്തീനികളുടെ മോചനം മാത്രമാണ് ഒക്ടോബർ ഏഴിന് ഇസ്രായേലികളെ ബന്ദികളാക്കിയതിലൂടെ ലക്ഷ്യമിട്ടതെന്ന് ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ. ഇസ്രായേലിൽ ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ഓപറേഷന്റെ 133ാം ദിവസം പുറത്തുവിട്ട വി​ഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗസ്സക്കാർ അനുഭവിക്കുന്ന ദുരിതങ്ങളെല്ലാം ഇപ്പോൾ ബന്ദികൾ അനുഭവിക്കുന്നുണ്ടെന്നും ഇക്കാര്യം പലതവണ തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും ശത്രുസേന കാര്യമായി എടുത്തില്ലെന്നും വിഡിയോയിൽ പറഞ്ഞു.

‘ബന്ദികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകൾ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മാനുഷിക പരിരക്ഷയും സഹായങ്ങളും ബന്ദികൾക്ക് ഞങ്ങൾ ഇതുവരെ ഉറപ്പുവരുത്തിയിട്ടുണ്ട്. യുദ്ധം ആരംഭിച്ചത് മുതല്‍ അവർക്ക് സംഭവിച്ചേക്കാവുന്ന പ്രയാസങ്ങളെ കുറിച്ച് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. പക്ഷേ ശത്രുസേന ഗൗനിച്ചില്ല. ഇപ്പോള്‍ ബന്ദികളെ വരെ അവർ കൊന്നുകളയുന്നു. പലരും രോഗികളും അംഗവൈകല്യം സംഭവിച്ചവരുമായി. ഗസ്സയിലെ ആളുകള്‍ അനുഭവിക്കുന്ന പട്ടിണിയും മരുന്നുക്ഷാമവും ബന്ദികളും അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദിത്വം ഇസ്രായേൽ നേതൃത്വത്തിനു മാത്രമാണ്’ -അബൂ ഉബൈദ പറഞ്ഞു.

‘സയണിസ്റ്റുകളും അമേരിക്കന്‍ വന്‍ശക്തികളും നിശ്ചയദാര്‍ഢ്യം ഉള്ള ഫലസ്തീൻ ജനതക്ക് മുന്നില്‍ പരാജിതരായിരിക്കുകയാണ്. കൂട്ടക്കൊലകൾക്ക് ഇരയായാലും നമ്മളെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല. മുതിര്‍ന്നവരെ ധീരത പഠിപ്പിക്കുന്ന കുട്ടികളുള്ള ജനതയോട് അവര്‍ എങ്ങനെ തോല്‍ക്കാതിരിക്കും? പോരാളികളുടെ തലമുറക്ക് ജന്മം നല്‍കുന്ന ‘ഖന്‍സാഉ’മാരുള്ള സമൂഹത്തെ അവര്‍ എന്താണ് ചെയ്യുക? ജന്മനാ പ്രതിരോധിക്കാൻ പഠിച്ചവരെ എങ്ങനെ അവർ അതിജയിക്കും? ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ക്രൂരന്മാരും വംശവെറിയന്മാരുമായ സൈന്യത്തോടാണ് അല്‍ ഖസ്സാം പോരാളികള്‍ ഏറ്റുമുട്ടുന്നത്. സമാനതകളില്ലാത്ത തിരിച്ചടി നാമവർക്ക് നൽകുന്നുണ്ട്. പോയിന്റ് ബ്ലാങ്കിലാണ് ശത്രു സൈന്യത്തെ വക വരുത്തുന്നത്’ -അദ്ദേഹം പറഞ്ഞു.

ആധുനികലോകത്തെ ദൈര്‍ഘ്യമേറിയ അധിനിവേശം അവസാനിക്കുന്നതിന്റെ തുടക്കമാണ് ഒക്ടോബര്‍ 7ന് നടന്ന തൂഫാനുല്‍ അഖ്സ. കൃത്യമായ ലക്ഷ്യവും പദ്ധതിയുമുണ്ടതിന്. അക്രമവും അനീതിയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഇനിയും പിറവികൊള്ളും.

ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും പോരാളികള്‍ ചെയ്യുന്നതിന്റെ ഒരു ഭാഗം മാത്രമാണെന്നും സുപ്രധാന കാര്യങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അബൂ ഉബൈദ സൂചന നൽകി. കുടിപ്പകയും ക്രൂരതയും മാത്രം കൈമുതലാക്കിയ ശത്രുവിനെതിരെ ഖസ്സാം ബ്രിഗേഡ് അംഗങ്ങൾ യുദ്ധഭൂമിയില്‍ സജീവമാണ്. ഗസ്സയില്‍നിന്ന് അവസാന സയണിസ്റ്റും പുറത്താവുന്നത് വരെ പ്രതിരോധം തുടരും. ശക്തമായ നാശനഷ്ടങ്ങളാണ് ശത്രു സൈന്യങ്ങള്‍ക്ക് വരുത്തിവെച്ചത്. രക്തദാഹിയായ ശത്രു സൈന്യത്തെ അവരുടെ ആളുകള്‍ പോലും വിശ്വസിക്കുന്നില്ല. ലക്ഷ്യം നേടാന്‍ എന്തു നുണയും പ്രചരിപ്പിക്കുന്ന ആളുകളാണ് അവർ. ഇസ്രായേൽ പുറത്തുവിടുന്ന കണക്കുകൾ മുഴുവൻ തെറ്റാണ്. ഇല്ലാക്കഥകളും വാര്‍ത്തകളും പടച്ചുവിടുകയാണവർ. അവർ നുണ പറയുകയായിരുന്നു എന്ന് ആ ജനത പിന്നീട് തിരിച്ചറിയും -വിഡിയോയിൽ പറയുന്നു.

Tags:    
News Summary - Israeli forces killing hostages in Gaza, says Al-Qassam Brigades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.