ന്യൂഡൽഹി: വാർത്താധിഷ്ഠിത ചർച്ചക്കിടെ അവതാരക അണിഞ്ഞ സാരിയുടെ നിറം ചൂണ്ടിക്കാട്ടി ഇസ്രായേൽ വക്താവിന്റെ രോഷം. മിറർ നൗ ചാനലിലെ പരിപാടിക്കിടെയാണ് അവതാരക ശ്രേയ ധൂൻദയാൽ അണിഞ്ഞ പച്ചയും ചുകപ്പും നിറത്തിലുള്ള സാരി, ചർച്ചയിൽ ഇസ്രായേലിന്റെ ഭാഗം സംസാരിക്കാനെത്തിയ ഫ്രെഡറിക് ലാൻഡോ എന്നയാളെ പ്രകോപിപ്പിച്ചത്. ഇസ്രായേലി ഇന്റൽ സ്പെഷൽ ഫോഴ്സസ് അംഗമാണ് ഇയാളെന്നാണ് ചർച്ചയിൽ പേരിനൊപ്പം എഴുതിക്കാട്ടിയത്.
മിറർ നൗവിലെ എക്സിക്യൂട്ടിവ് എഡിറ്ററായ ശ്രേയ അവരുടെ മുത്തശ്ശിയുടെ സാരിയാണ് അണിഞ്ഞിരുന്നത്. മരിച്ചുപോയ മുത്തശ്ശിയിൽനിന്ന് പാരമ്പര്യമായി കിട്ടിയ സാരി താൻ ഏറെ വിലമതിക്കുന്നതാണെന്ന് ശ്രേയ പറഞ്ഞു. ഫലസ്തീൻ പതാകയിലെ നിറങ്ങളായ പച്ചയും ചുകപ്പും സാരിയിലുണ്ടായിരുന്നതാണ് ഇസ്രായേലുകാരനെ പ്രകോപിപ്പിച്ചത്. ‘മറ്റൊരു അവസരത്തിനുവേണ്ടി ഇത് സൂക്ഷിച്ചുവെച്ചോളൂ’ എന്നായിരുന്നു അയാളുടെ പരിഹാസം.
‘നീലയും വെള്ളയും എല്ലാകാലത്തും അതിജീവിക്കും’ എന്നും ലാൻഡോ ചർച്ചക്കിടെ ശ്രേയയോട് പറയുന്നുണ്ടായിരുന്നു. നീലയും വെള്ളയും നിറമാണ് ഇസ്രായേലി പതാകക്ക്. ഇസ്രായേലുകാരന്റെ പരിഹാസത്തിനും രോഷത്തിനും ശ്രേയ കുറിക്കുകൊള്ളുന്ന മറുപടി നൽകി. ‘നിറങ്ങളെ നിങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കരുത്. പലപ്പോഴും എന്റെ രാജ്യത്തും ഇത് സംഭവിക്കുന്നുണ്ട്. ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രം ഒരു സാരിയാണ്. അതെന്റെ മുത്തശ്ശിയുടേതാണ്. സാരിയുടെ നിറം ഏതെങ്കിലും പക്ഷത്തെ പിന്തുണക്കുന്നുവെന്നതിനെ സൂചിപ്പിക്കുന്നതല്ലെന്നും ശ്രേയ പറഞ്ഞു.
‘മുത്തശ്ശി ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്കിന്ന് 105 വയസ്സുണ്ടാകുമായിരുന്നു. ഇസ്രായേൽ-ഹമാസ് തർക്കം എന്താണെന്ന് അവർക്കറിവുണ്ടാകില്ല’ -ശ്രേയ കൂട്ടിച്ചേർത്തു. സാരി മറ്റൊരവസരത്തിനുവേണ്ടി സൂക്ഷിച്ചുവെച്ചോളൂ എന്ന പരിഹാസത്തിനും തകർപ്പൻ മറുപടിയാണ് അവതാരക നൽകിയത്.‘ഇല്ല ഫ്രെഡറിക്, ഞാനെന്തു ധരിക്കണമെന്ന കാര്യം നിങ്ങളാണ് തീരുമാനിക്കുകയെന്നത് ഞാൻ അനുവദിക്കില്ല. അതുപോലെ ഞാനെന്തു പറയണമെന്നത് നിങ്ങൾ തീരുമാനിക്കുന്നതിനെയും ഞാൻ അനുവദിക്കാൻ പോകുന്നില്ല’.
ചർച്ചക്കിടയിലുണ്ടായ ഈ വാഗ്വാദത്തിന്റെ ദൃശ്യങ്ങൾ ശ്രേയ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ‘മരിച്ചുപോയ എന്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ സാരി ഇന്ന് ഇസ്രായേലിൽനിന്നുള്ള അതിഥിയെ അലോസരപ്പെടുത്തിയിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് അവർ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.