ഗസ്സ: ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) തലവൻ ഹെർസി ഹലേവിയെ വധിക്കാൻ ഹമാസ് ശ്രമിച്ചതായി റിപ്പോർട്ട്. ഏതാനും ദിവസം മുമ്പ് വടക്കൻ ഗസ്സയിൽ യുദ്ധനീക്കങ്ങൾ വിലയിരുത്താൻ എത്തിയ ഹെർസി ഹലേവി യോഗം ചേർന്ന വീടിന് നേരെ ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡാണ് ആക്രമണം നടത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സംഭവ സമയത്ത് ഹലേവി അവിടം വിട്ടിരുന്നതായി ഇറാൻ വാർത്ത ഏജൻസിയായ ‘ഇർന’ അടക്കമുള്ളവ ചൂണ്ടിക്കാട്ടി. ഐ.ഡി.എഫ് തലവൻ പോയതിന് പിന്നാലെ നടന്ന ആക്രമണത്തിൽ സ്ഥലത്ത് അവശേഷിച്ചിരുന്ന ഐ.ഡി.എഫ് 888 മൾട്ടിഡൈമൻഷണൽ യൂണിറ്റിലെ നാല് സൈനികർ കൊല്ലപ്പെട്ടുവെന്നും ‘ഫലസ്തീൻ ക്രോണിക്കിൾ’ വാർത്തയിൽ പറയുന്നു.
ഹമാസ് ആക്രമണത്തിൽ തങ്ങളുടെ നാലുസൈനികർ കൊല്ലപ്പെട്ട വാർത്ത നേരത്തെ ഇസ്രായേൽ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇത് ഐ.ഡി.എഫ് തലവനെ ലക്ഷ്യമിട്ടാണെന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നില്ല. ഹലേവിയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോൾ മാധ്യമ റിപ്പോർട്ടുകളാണ് സൂചിപ്പിക്കുന്നത്. ഇസ്രായേൽ മാധ്യമമായ ഹാരെറ്റ്സിന്റെ ഹിബ്രു പതിപ്പിനെ ഉദ്ധരിച്ചാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും പിന്നീട് ഈ വാർത്ത ഹാരെറ്റ്സിൽ കാണാൻ കഴിഞ്ഞില്ലെന്നും അവർ ഹീബ്രു പതിപ്പിൽനിന്ന് വാർത്ത നീക്കം ചെയ്‌തതാണോ എന്ന് വ്യക്തമല്ലെന്നും ‘ഫലസ്തീൻ ക്രോണിക്കിൾ’ ചൂണ്ടിക്കാട്ടി. യൂറോ ന്യൂസ് പോലുള്ള പാശ്ചാത്യ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒക്‌ടോബർ 20ന് ഐ.ഡി.എഫിലെ ഉന്നത സൈനികനായ കേണൽ ഇഹ്‌സാൻ ദഖ്‌സയെ ഹമാസ് പോരാളികൾ കൊലപ്പെടുത്തിയിരുന്നു. ഇത് ഗസ്സയിൽ ഇപ്പോഴും ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾ സജീവമാണ് എന്നതിന് തെളിവാണ്. അതേസമയം, ഐ.ഡി.എഫ് തലവൻ ഹെർസി ഹലേവിയെ വധിക്കാൻ ഹമാസ് ശ്രമിച്ചുവെന്ന റിപ്പോർട്ടിനോട് ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഇസ്രായേലിലെ ഉന്നതരെ വധിക്കാൻ ലക്ഷ്യമിട്ട് സ്വന്തം പൗരൻമാർ ഉൾപ്പെട്ട ചാരവൃത്തികൾ വർധിക്കുന്നുവെന്നത് ഇസ്രായേലിനെ ആശങ്കയിലാക്കിയിടുണ്ട്. ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതായി ആരോപിച്ച് നിരവധി കേസുകളാണ് അടുത്തിടെ രാജ്യത്ത് പിടികൂടിയത്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ദമ്പതികൾ അടക്കം മൂന്നുപേർ അറസ്റ്റിലായത്. ഇസ്രായേലി ആണവശാസ്ത്രജ്ഞനെ കൊല്ലാൻ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തത്. ഇറാനിയൻ ഭരണകൂടത്തിന് വേണ്ടി ഇസ്രായേലി ആണവ ശാസ്ത്രജ്ഞന്റെ നീക്കങ്ങൾ പിന്തുടർന്നുവെന്ന് ആരോപിച്ച് ബെനി ബ്രാക്ക് സ്വദേശിയായ ആഷർ ബിന്യാമിൻ വെയ്‌സാണ് പിടിയിലായത്. ഗോപ്രോ കാമറ ഉപയോഗിച്ച് വീടും കാറും വിഡിയോ റെക്കോർഡ് ചെയ്ത് ശാസ്ത്രജ്ഞനെ വധിക്കാൻ ചുമതലപ്പെടുത്തിയ കിഴക്കൻ ജറൂസലമിൽ നിന്നുള്ള യുവാവിന് കൈമാറിയതായി ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസി ആരോപിക്കുന്നു.
ഇറാന് വേണ്ടി ഇസ്രായേലിലെ ഉന്നതരെ കൊല്ലാൻ രാജ്യത്തിനകത്തുനിന്ന് വാടകക്കൊലയാളികളെ കണ്ടെത്താൻ നീക്കം നടത്തുന്നു എന്നാരോപിച്ചാണ് ഇസ്രായേലി ദമ്പതികളെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികളായ റാഫേലും ലാല ഗുലിയേവും ആണ് അറസ്റ്റിലായത്. ഇസ്രായേലികളെ ചാരവൃത്തിക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്ന ഇറാനിയൻ സംഘത്തിന്റെ ഭാഗമായാണ് 32 വയസ്സുകാരായ ഇരുവരും പ്രവർത്തിച്ചിരുന്നതെന്ന് ഷിൻ ബെറ്റും പൊലീസും പറയുന്നു. അസർബൈജാനി വംശജനായ ഒരു ഇസ്രായേലിയാണ് ഇവരെ സംഘത്തിൽ ചേർത്തതത്രെ.
റാഫേൽ ഗുലിയേവ് ഇസ്രായേലിലെ മൊസാദിന്റെ ആസ്ഥാനം ഉൾപ്പെടെയുള്ള സുരക്ഷാ കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തുകയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ (ഐഎൻഎസ്എസ്) ഉദേയാഗസ്ഥന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.