ഇസ്രായേൽ മന്ത്രി ബെൻഗ്വിർ മസ്ജിദുൽ അഖ്സ വളപ്പിൽ  

അൽഅഖ്സയിൽ കടന്നുകയറി ഇസ്രായേൽ മന്ത്രി

ജറൂസലം: കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ മന്ത്രിയുടെ നേതൃത്വത്തിൽ മസ്ജിദുൽ അഖ്സയിലേക്ക് കടന്നുകയറി ആയിരങ്ങൾ. ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രി ഇറ്റമർ ബെൻഗ്വിറാണ് ആയിരങ്ങളെ നയിച്ച് പള്ളിക്കകത്തുകയറി പ്രാർഥന നടത്തിയത്. ബെൻഗ്വിറിനൊപ്പം മന്ത്രിയായ യിറ്റ്സാക് വാസർലോഫും ഇസ്രായേൽ പാർലമെന്റ് അംഗങ്ങളും അണിനിരന്നു.

മസ്ജിദിനകത്ത് ജൂതമത പ്രാർഥന നിരോധിക്കപ്പെട്ടതായിട്ടും അനധികൃത കുടിയേറ്റക്കാരുടെ മാർച്ചിന് ഇസ്രായേൽ പൊലീസ് സുരക്ഷ ഒരുക്കിയതായും പരാതിയുണ്ട്. സന്ദർശനത്തിനിടെ പകർത്തിയ വിഡിയോയിൽ ഹമാസിനെ തോൽപിക്കുമെന്നും ബെൻഗ്വിർ പ്രഖ്യാപിച്ചു.

പഴയ റോമാസാമ്രാജ്യം എ.സി 70ൽ തങ്ങളുടെ ക്ഷേത്രം തകർത്തതിന്റെ ഓർമ പുതുക്കുന്ന തിഷ ബിആവ് ദിനത്തിലായിരുന്നു മന്ത്രിയുടെ നേതൃത്വത്തിൽ മസ്ജിദിനകത്ത് കടന്നുകയറ്റം.

ഈ സമയം മുസ്‍ലിം വിശ്വാസികൾക്ക് അകത്ത് പൊലീസ് പ്രവേശനം വിലക്കിയതായും നിയന്ത്രണം കൈയാളുന്ന മസ്ജിദ് കമ്മിറ്റി പ്രതിനിധി പറഞ്ഞു. ചൊവ്വാഴ്ച വെസ്റ്റ് ബാങ്കിലും കുടിയേറ്റക്കാർ പ്രകടനങ്ങൾ നടത്തി. മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും അണിനിരന്ന് മസ്ജിദ് കൈയേറിയതിനെ ഫലസ്തീൻ, ജോർഡൻ, ഖത്തർ, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ അപലപിച്ചു. ഫലസ്തീനികൾക്കെതിരെ മാത്രമല്ല, ലോകത്തുടനീളമുള്ള മുസ്‍ലിംകൾക്കെതിരായ ആക്രമണമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

അതിനിടെ, ഖസ്സാം ബ്രിഗേഡ് തെൽഅവീവിനു നേരെ ആക്രമണം നടത്തി. എം-90 റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

Tags:    
News Summary - Israeli minister entered Al-Aqsa Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.