സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം; ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു

ബെയ്റൂത്ത്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഇറാൻ റെവലൂഷനറി ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ സഹദിയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ് ഹാജി റഹീമിയും മറ്റു അഞ്ച് അംഗങ്ങളും ഉൾപ്പെടും. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്.

ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നും എംബസി സമുച്ചയത്തിലെ കോൺസുലേറ്റ് ബിൽഡിങ്ങിന് നേരെ എഫ് ഫൈറ്റർ ജെറ്റ് ഉപയോഗിച്ച് ആറ് മിസൈലുകളാണ് തൊടുത്തുവിട്ടതെന്നും സിറിയയിലെ ഇറാൻ അംബാസഡർ ഹുസൈൻ അക്ബരി അറിയിച്ചു. ആക്രമണത്തിൽ കെട്ടിടം പൂർണമായി തകർന്നു. ​അതേസമയം, ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.

എല്ലാ അന്താരാഷ്ട്ര ഉടമ്പടികളുടെയും ലംഘനമാണ് ആക്രമണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ലാഹിയാൻ പ്രതികരിച്ചു. ആക്രമണത്തോട് പ്രതികരിക്കാൻ ഇറാന് അവകാശമുണ്ട്. ഏത് തരത്തിലുള്ള പ്രതികരണമാവുമെന്നും ആക്രമണകാരികൾക്കുള്ള ശിക്ഷയെന്താണെന്നും തീരുമാനിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. 

സിറിയയിലെ വടക്കൻ പ്രവിശ്യയായ അലപ്പോയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിനാളുകൾ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഡമാസ്‌കസിലെ ആക്രമണം. ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതുമുതൽ, ലെബനാനിലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്കും ഇറാന്റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡിനും എതിരെ ഇസ്രായേൽ വ്യോമാക്രമണവും നടത്തിയിരുന്നു. 


Tags:    
News Summary - Israeli missile attack on Iranian embassy in Syria; Many people, including top military officers, were killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.