‘ദൈവമല്ലാതെ വിജയിയില്ലെ’ന്ന് പോസ്റ്റ്: ഫലസ്തീൻ ഗായിക ഇസ്രായേലിൽ അറസ്റ്റിൽ

ടെൽഅവീവ്: ഗസ്സയിൽ വ്യോമാക്രമണത്തിനിടെ ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്ന നടപടി വ്യാപകമാക്കി ഇസ്രായേൽ. പ്രശസ്ത ഫലസ്തീൻ ഗായികയും ന്യൂറോ സയന്‍റിസ്റ്റുമായ ദലാൽ അബു അംനെയെ ആണ് ഇന്നലെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന കുറ്റം ചുമത്തിയാണ് ഇസ്രായേലിലെ നസ്രത്തിലെ വീട്ടിൽ നിന്ന് അംനെയെ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീൻ മീഡിയ റിപ്പോർട്ട് ചെയ്തു. ‘ദൈവമല്ലാതെ വിജയിയില്ല’ എന്ന് അർഥം വരുന്ന അറബി വാചകമാണ് അംനെ പോസ്റ്റ് ചെയ്തത്.

ഇസ്രായേൽ പൊലീസ് അംനെയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേലികളിൽ നിന്ന് അവർ ഭീഷണി നേരിടുന്നതായും അഭിഭാഷകൻ അബീർ ബക്കർ പറഞ്ഞു.

Full View

ലോകപ്രശസ്ത ഫലസ്തീനിയൻ വിഷ്വൽ ആർട്ടിസ്റ്റ് ഹിബ സഖൗത്തിനെയും മകനെയും വെള്ളിയാഴ്ച ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തിയിരുന്നു. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് ഗസ്സയിലെ അൽ-അഖ്‌സ യൂനിവേഴ്‌സിറ്റി ഫൈൻ ആർട്‌സ് ഫാക്കൽറ്റി പൂർവ വിദ്യാർഥിനി ഹിബ സഖൗത്തും (39) കുഞ്ഞും വീരമൃത്യു വരിച്ചത്.

ഫലസ്തീന്റെ നിലനിൽപും സ്ത്രീ ശാക്തീകരണവും പ്രമേയമാക്കി നിരവധി സൃഷ്ടികൾ രചിച്ച സഖൗത്ത് അന്തർ ദേശീയ, ദേശീയ എക്സിബിഷനുകളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ഫലസ്തീനിയൻ സ്വത്വവും അസ്തിത്വവും ആഴത്തിൽ പ്രതിഫലിക്കുന്ന വിഷയങ്ങളായിരുന്നു ഹിബ പലപ്പോഴും ​ദൃശ്യവത്കരിച്ചത്. അൽ അഖ്സ മസ്ജിദും മിനാരങ്ങളും അടക്കമുള്ള ഫലസ്തീനി സാംസ്കാരിക പൈതൃകങ്ങൾ രചനകളിൽ പ്രതിഫലിച്ചു.

2021ൽ, "മൈ ചിൽഡ്രൻ ഇൻ ക്വാറന്റൈൻ" എന്ന പേരിൽ ഒരു സോളോ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. ഇസ്രായേലിന്റെ നരനായാട്ടിനെ അതിജീവിക്കാനും ഹൃദയങ്ങൾക്ക് കരുത്ത് നൽകാനുമുള്ള പ്രാർഥനയായിരുന്നു മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സഖൗത്ത് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എഴുതിയ കുറിപ്പിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Israeli police arrest Palestinian singer Dalal Abu Amneh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.