ഫത്ഹ് കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ മഹമൂദ് അൽ അലൗൽ, ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി, ഹമാസ് നേതാവ് മൂസ അബു മർസൂക് എന്നിവർ

ദേശീയ ഐക്യ കരാറിൽ ഒപ്പിട്ട് ഫത്ഹും ഹമാസും

ബെയ്ജിങ്: ഫലസ്തീന്റെ ദേശീയ ഐക്യം ലക്ഷ്യമിട്ട് ഫത്ഹും ഹമാസും മറ്റ് 12 സംഘടനകളും ചേർന്ന് അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ മധ്യസ്ഥതയിൽ നടത്തിയ മൂന്നുദിവസം നീണ്ട ചർച്ചകൾക്ക് ശേഷമാണ് കരാറിൽ ഒപ്പിട്ടത്.

ഈജിപ്തിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തിൽ ഹമാസ്- ഫത്ഹ് അനുരഞ്ജന ചർച്ചകൾ പലതവണ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇസ്രായേൽ വെടിനിർത്തൽ യാഥാർഥ്യമായാൽ ഗസ്സയിൽ ഐക്യസർക്കാറിന് രൂപം നൽകുകയാണ് കരാറിലെ പ്രധാന തീരുമാനം. ഞായറാഴ്ച തുടങ്ങിയ ചർച്ച ചൊവ്വാഴ്ചയാണ് പൂർത്തിയായത്. ഇസ്രായേലുമായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ നേതൃത്വത്തിൽ അനുരഞ്ജന യോഗം നടന്നത്.

ഹമാസ് നേതാവ് മൂസ അബു മർസൂക്, ഫലസ്തീനിയൻ നാഷനൽ ഇനീഷ്യേറ്റിവ് നേതാവ് മുസ്തഫ ബർഗൗതി, ഫത്ഹ് കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ മഹമൂദ് അൽ അലൗൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത പ്രമുഖർ. തെരഞ്ഞെടുപ്പിനുമുമ്പ് ഏകീകൃത ഫലസ്തീൻ നേതൃ രൂപവത്കരണം, പുതിയ ഫലസ്തീനിയൻ ദേശീയ കൗൺസിലിലേക്ക് സ്വതന്ത്രമായ തെരഞ്ഞെടുപ്പ്, ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐക്യ പ്രഖ്യാപനം എന്നിവയും കരാറിലെ തീരുമാനങ്ങളാണ്.

വെടിനിർത്തലിനുശേഷം ഗസ്സയുടെയും വെസ്റ്റ് ബാങ്കിന്റെയും നിയന്ത്രണം ദേശീയ ഐക്യ സർക്കാറിനായിരിക്കുമെന്നും പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുകയും തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കുകയും ചെയ്യുമെന്നും മുതിർന്ന ഹമാസ് നേതാവ് ഹുസം ബദ്റൻ പറഞ്ഞു.

Tags:    
News Summary - Hamas and Fatah sign unity deal in Beijing aimed at Gaza governance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.