ഇസ്രായേൽ യുദ്ധക്കുറ്റ കേസ് അന്വേഷണം: ഐ.സി.സി പ്രോസിക്യൂട്ടർക്കെതിരെ മൊസാദ് ഗൂഢാലോചന

ഹേഗ്: ഫലസ്തീനികൾക്കു മേൽ ഇസ്രായേൽ നടത്തിയ യുദ്ധക്കുറ്റങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യുടെ അന്വേഷണം മുടക്കാൻ മൊസാദ് നടത്തിയ ഗൂഢാലോചന പുറത്ത്. ബ്രിട്ടീഷ് പത്രം ഗാർഡിയനാണ് മുൻ മൊസാദ് തലവൻ യോസി കൊഹൻ ഐ.സി.സി പ്രോസിക്യൂട്ടറായിരുന്ന ഫാതൂ ബെൻസൂദയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളുടെ വിവരങ്ങൾ പുറത്തുവിട്ടത്.

രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു ബെൻസൂദക്കു മേൽ യോസി കൊഹന്റെ ഭീഷണിയും സമ്മർദവും. പലവട്ടം കൊഹൻ നേരിട്ട് ഭീഷണിയുമായി എത്തിയെന്ന് ബെൻസൂദ ഐ.സി.സിക്കു മുമ്പാകെ അറിയിച്ചിരുന്നു. സ്വന്തം സുരക്ഷ മാത്രമല്ല, കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണെന്ന് കൊഹൻ മുന്നറിയിപ്പ് നൽകി. പ്രോസിക്യൂട്ടറുടെ ഭർത്താവിന്റെയടക്കം ഫോൺ സന്ദേശങ്ങളും മറ്റുവിവരങ്ങളും ശേഖരിച്ച് ബെൻസൂദയുടെ വിശ്വാസ്യത തകർക്കാനും ശ്രമിച്ചു.

2021ൽ തുടക്കമായ ക്രമിനൽ അന്വേഷണ നടപടികളുടെ പൂർത്തിയെന്നോണം അടുത്തിടെ ബെൻസൂദയുടെ പിൻഗാമി കരീം ഖാൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നെതന്യാഹുവിന് പുറമെ ഇസ്രായേൽ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ്, ഹമാസ് നേതാക്കൾ എന്നിവർക്കെതിരെയാണ് ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഒരു പതിറ്റാണ്ടായി അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ ഇസ്രായേൽ നടത്തിയത് രഹസ്യ യുദ്ധമാണെന്ന് ഗാർഡിയൻ പത്രത്തിനൊപ്പം അന്വേഷണത്തിൽ പങ്കാളികളായ +972 മാഗസിൻ, ഹീബ്രു ഭാഷ സ്ഥാപനമായ ‘ലോക്കൽ കാൾ’ എന്നിവ പറയുന്നു.

Tags:    
News Summary - Israeli spy chief ‘threatened’ ICC prosecutor over war crimes inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.