‘മിഡിൽ ഈസ്റ്റ് ഐ’യിൽ എഴുതുന്ന 25കാരിയായ ഫ്രീലാൻസ് മാധ്യമപ്രവർത്തകയാണ് അസീൽ മൂസ. പശ്ചിമ ഗസ്സ മുനമ്പിലെ തലാൽ ഹവയിലാണ് അവർ താമസിക്കുന്നത്. ജീവൻ വേണമെങ്കിൽ സ്ഥലം വിട്ടോ എന്ന് ഇസ്രായേൽ കൽപിച്ച പത്ത് ലക്ഷത്തിലേറെ വരുന്ന ഫലസ്തീനികളിൽ ഒരാളായിരുന്നു അവർ. അരക്ഷിതത്വം നിറഞ്ഞ വഴിയിലൂടെ വീടുവിട്ടിറങ്ങിയ അസീൽ ആ കഥ പറയുന്നു...
‘വെള്ളിയാഴ്ച രാവിലെ, ഗസ്സയിൽ ഇന്റർനെറ്റും വൈദ്യുതിയും ഇസ്രായേൽ കട്ട് ചെയ്തിരുന്നു. ഭക്ഷണവും വെള്ളവുമില്ല. തുരുതുരാ ബോംബ് വർഷിക്കുന്നു. രാവിലെ ആറിന് ഒരു ബന്ധു ഫോണിൽ വിളിച്ചു. ‘‘അസീൽ, പശ്ചിമ ഗസ്സയിലെ താമസക്കാരോട് ദക്ഷിണ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈനിക വക്താവ് മുന്നറിയിപ്പ് നൽകിയതായി വാർത്തയിൽ കാണുന്നു. നിങ്ങൾക്കവിടെ ഇന്റർനെറ്റില്ലെന്ന് എനിക്കറിയാം’’.
ഞങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു. സമ്മർദവും ഉത്കണ്ഠയും കൂടിവരുന്നു. പാസ്പോർട്ടും തിരിച്ചറിയൽ കാർഡും കുറച്ചു വസ്ത്രങ്ങളും മാത്രം ബാഗിലെടുത്ത് സെൻട്രൽ ഗസ്സയിലെ ബന്ധുവീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. 25 വർഷമായി തലാൽ ഹവയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. അവിടെനിന്ന് ഇറങ്ങുകയാണ്. ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു. 24 മണിക്കൂർ മാത്രമാണ് നാടുവിടാൻ ഇസ്രായേൽ സമയം നൽകിയിട്ടുള്ളത്. ലക്ഷക്കണക്കിന് ആളുകൾ കൈയിൽ കൊള്ളുന്നതെല്ലാം എടുത്ത് യാത്രയിലാണ്.
1948ലെ സംഭവങ്ങൾ ചിത്രീകരിക്കുന്ന ‘ഫലസ്തീനിയൻ ഡയസ്പോറ’ എന്ന ടെലിവിഷൻ സീരിയലിലെ രംഗങ്ങളാണ് എനിക്കോർമ വന്നത്. കുടുംബങ്ങൾ ട്രക്കിൽ യാത്ര ചെയ്യുകയാണ്. ഞങ്ങൾ ഏഴുപേർ പിതാവിന്റെ കാറിലാണ് പോകുന്നത്.
മഗാസിയിലെ അഭയാർഥി ക്യാമ്പിൽ എത്തിയപ്പോൾ അവിടെയും സുരക്ഷിതമല്ലെന്ന് ഞങ്ങൾക്ക് പെട്ടെന്ന് മനസ്സിലായി. മരണത്തിൽനിന്ന് മരണത്തിലേക്കാണല്ലോ ഓടിയതെന്ന് തോന്നി. വൈദ്യുതിയോ ഇന്റർനെറ്റോ എന്തിന് വെള്ളം പോലുമോ ഇല്ല. ഭക്ഷണ സാധനങ്ങൾ പരിമിതമാണ്. ഗസ്സയിൽ സുരക്ഷിതമായ സ്ഥലമില്ല. ബോംബ് ഷെൽട്ടറുകൾ ഇല്ല. അമ്മാവന്റെ ഇരുനില കെട്ടിടത്തിൽ പലായനം ചെയ്തെത്തിയ 30 മുതൽ 40 വരെ ആളുകളുണ്ട്. ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. റോക്കറ്റുകളുടെ ശബ്ദം ഭയപ്പെടുത്തുന്നതാണ്. ഒരാഴ്ചക്കിടെ 2000 ഫലസ്തീനികൾ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. പശ്ചിമ ഗസ്സയിലെ സുഹൃത്തുകളുമായുള്ള ബന്ധം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എല്ലാവരും തെക്ക് വിവിധ പ്രദേശങ്ങളിലേക്ക് ചിതറിപ്പോയി. ഒരാൾ ഈജിപ്ത് അതിർത്തിയിലെ റഫയിലാണ്. മറ്റൊരാൾ ഖാൻ യൂനിസിലും. ഇനിയെന്നെങ്കിലും ഞങ്ങൾ ഒരുമിക്കുമോ എന്ന് ഉറപ്പില്ല.
സാഹചര്യം വേദനാജനകമാണ്. ക്യാമ്പിൽ കണ്ടുമുട്ടിയ മറിയം എന്ന യുവതി ജർമനിയിലേക്ക് കുടിയേറിയ സഹോദരൻ വഴിയാണ് തന്റെ വീട് തകർന്നത് അറിയുന്നത്. 2008ലെ യുദ്ധത്തിൽ തകർന്ന ശേഷം അവരത് പുനർനിർമിച്ചതാണ്. മർയമിന്റെ ഉമ്മ ആകെ തകർന്നിരിക്കുകയാണ്. ഉപ്പ പൊട്ടിക്കരയുന്നു.
അവർ സാധാരണക്കാരാണ്. ഒരു പാർട്ടിയുമായും ബന്ധമില്ല. മറിയത്തിന്റെ പിതാവ് ഹസൻ ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന് പെർമിറ്റുണ്ട്. ഇനി ജോലിക്ക് പോകാൻ കഴിയില്ലെന്ന് അദ്ദേഹം ഭയക്കുന്നു. മറിയത്തിന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. വീട്ടിലേക്ക് വാങ്ങിയ സാധനങ്ങളെല്ലാം വീട് തകർന്നപ്പോൾ നഷ്ടപ്പെട്ടു. മറിയത്തെ പോലെ ഒരുപാട് ആളുകളെ ക്യാമ്പിൽ കാണാൻ കഴിഞ്ഞു. അവരുടെ എണ്ണമറ്റ കഥകൾ പങ്കുവെക്കാൻ കഴിയും. എന്നാൽ, ഈ സമയത്ത് നിങ്ങൾക്ക് എങ്ങനെ കഥകൾ പറയാൻ തോന്നുന്നുവെന്ന് നിങ്ങൾ ചോദിച്ചാൽ ഒരുപക്ഷേ ഞാൻ തകർന്നുപോകും.
ഞാൻ ഒരു ഫ്രീലാൻസ് ജേണലിസ്റ്റായി ജോലി ചെയ്യുകയാണ്. ബി.ബി.സി റേഡിയോയും ഒരു അമേരിക്കൻ ടി.വി ചാനലും എന്നെ സമീപിച്ചു. പാശ്ചാത്യ മാധ്യമങ്ങൾക്ക് ഞങ്ങളുടെ ശബ്ദം എത്തിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
എന്നാൽ, വൈദ്യുതിയും ഇന്റർനെറ്റും ഇല്ലാത്തതിനാൽ ആശയവിനിമയം സാധിക്കുന്നില്ല. വിഡിയോകളും വോയ്സ് നോട്ടുകളും റെക്കോഡ് ചെയ്ത് കഴിയുന്ന വിധം എത്തിക്കാൻ വഴിനോക്കുന്നു. കണക്ടിവിറ്റി പ്രശ്നം കാരണം തത്സമയം സാധിക്കുന്നില്ലെങ്കിൽ റെക്കോഡ് ചെയ്തത് ആയിട്ടെങ്കിലും ഞങ്ങളുടെ കഥകൾ പങ്കുവെക്കാനായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.