ഗസ്സയിലെ ഇസ്രായേൽ അക്രമം യുദ്ധക്കുറ്റമാകാം -യു.എൻ

ജനീവ: ഗസ്സയിൽ തുടർച്ചയായ 11 ദിവസങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ യുദ്ധക്കുറ്റമായേക്കാമെന്ന്​ ഐക്യരാഷ്​ട്ര സഭ മനുഷ്യാവകാശ​ വിഭാഗം മേധാവി മിഷേൽ ബാഷ്​ലെ. ഫലസ്​തീൻ വിഷയം ചർച്ചചെയ്യുന്നതിനായി ചേർന്ന യു.എൻ മനുഷ്യാവകാശ ഉന്നതസമിതി പ്രത്യേക യോഗത്തിലാണ്​ മിഷേൽ ബാഷ്​ലെ ഇസ്രായേൽ ആക്രമണം യുദ്ധക്കുറ്റമായേക്കുമെന്ന വിവരം പങ്കുവെച്ചത്​​.

പോരാട്ടസമയത്ത് ഹമാസി​ന്‍റെ ഭാഗത്തുനിന്നുണ്ടായ വിവേചനരഹിതമായ റോക്കറ്റ്​ ആക്രമണവും യുദ്ധനിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അവർ പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ ഇസ്രായേൽ വ്യോമാക്രമണം ഉയർന്ന മരണസംഖ്യക്ക്​ കാരണമായി. വിവേചനരഹിതമായ ആക്രമണമാണ്​ നടന്നത്​. ഗസ്സയിലെ ശൈഖ്​ ജർറാഹ്​ പ്രദേശത്തുനിന്നുള്ള മാധ്യമപ്രവർത്തക ആക്രമണം സംബന്ധിച്ച വിവരണം നൽകി. ദിവസങ്ങൾക്ക് മുമ്പ്​ മേഖലയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലും വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലുമായി 270 ഫലസ്തീനികൾ മരിച്ചതായി മനുഷ്യാവകാശ കൗൺസിൽ കാര്യാലയം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹൈക്കമ്മിഷണർ അറിയിച്ചു. ഇതിൽ 68 പേരും കുട്ടികളാണെന്നും അവർ കൂട്ടിച്ചേർത്തു.

ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി വിവിധ മുസ്‌ലിം രാജ്യങ്ങൾ മുന്നോട്ടുവച്ച ആവശ്യപ്രകാരമാണ് പ്രത്യേക സമ്മേളനം ചേർന്നത്. ഇസ്രായേൽ, ഗസ്സ, വെസ്​റ്റ്​ ബാങ്ക് എന്നിവിടങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഒരു സ്ഥിരം കമീഷൻ രൂപവത്​കരിക്കണമെന്ന പ്രമേയം ഓർഗനൈസേഷൻ ഓഫ് ഇസ്​ലാമിക് കോൺഫറൻസ് (ഒ.ഐ.സി) യു.എന്നിൽ അവതരിപ്പിച്ചു. ഒ.ഐ.സിയും ഫലസ്തീൻ പ്രതിനിധി സംഘവും ചേർന്ന് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ന് വോട്ടിങ് നടക്കും. അതേസമയം, വ്യാഴാഴ്​ച നടന്ന യു.എൻ പ്രത്യേക യോഗം തള്ളിക്കളയാൻ ഇസ്രായേൽ അംബാസഡർ മീരവ് എയ്‌ലോൺ ഷഹാർ അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്​തു.

Tags:    
News Summary - Israel’s attacks on Gaza may constitute ‘war crimes’: UN rights chief Michelle Bachelet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.