2021 ഏപ്രിൽ 18ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 2.75 ലക്ഷം കോവിഡ് കേസുകളായിരുന്നു. രാജ്യത്ത് രണ്ടാംതരംഗം മൂർധന്യത്തിൽ നിൽക്കുന്ന സാഹചര്യം. എന്നാൽ, അന്ന് പശ്ചിമേഷ്യൻ രാഷ്ട്രമായ ഇസ്രായേൽ ഒരു പ്രഖ്യാപനം നടത്തി. ഇന്ത്യക്കാർ വിസ്മയത്തോടെ കണ്ട പ്രഖ്യാപനമായിരുന്നു അത്. ഇസ്രായേലിൽ കോവിഡ് നിയന്ത്രണവിധേയമായെന്നും പൊതുസ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കേണ്ടെന്നുമുള്ള തീരുമാനമാണ് ഏപ്രിൽ 18ന് വന്നത്.
ജനസംഖ്യയിൽ 81 ശതമാനത്തിനും വാക്സിൻ വിതരണം ചെയ്തതിന് പിന്നാലെയാണ് ഇസ്രായേൽ അന്ന് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അമേരിക്കൻ വാക്സിനായ ഫൈസറാണ് ഇസ്രായേൽ പൗരന്മാർക്ക് നൽകിയിരുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിന് വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്ക് പ്രകാരം 8663 പുതിയ കേസുകളാണ് ഇസ്രായേലിൽ റിപ്പോർട്ട് െചയ്തത്. സെപ്റ്റംബർ അഞ്ചിന് 6038. മാസ്ക് ഒഴിവാക്കി തീരുമാനം വന്ന ഏപ്രിൽ 18ന് വെറും 164 പുതിയ കേസുകൾ മാത്രമാണുണ്ടായിരുന്നത്. ആകെ 90 ലക്ഷമാണ് ഇസ്രായേലിലെ ജനസംഖ്യ.
എന്താണ് വരാനിരിക്കുന്നത് എന്നത് സംബന്ധിച്ച് ലോകത്തിനുള്ള സൂചനയാണ് ഇസ്രായേലിൽ സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് വിദഗ്ധർ. നിലവിൽ കോവിഡ് മഹാമാരിയുടെ ഹോട്ട്സ്പോട്ട് രാജ്യങ്ങളിലൊന്നായി ഇസ്രായേൽ മാറിയിരിക്കുന്നു. ഡെൽറ്റ വൈറസ് വ്യാപനത്തെ നിലവിലെ വാക്സിനുകൾക്ക് എത്രത്തോളം തടഞ്ഞുനിർത്താനാകുമെന്ന ചോദ്യവുമുയരുകയാണ്.
രണ്ട് ഡോസുകൾക്ക് പുറമേ ഫൈസർ-ബയോൺടെക് വാക്സിന്‍റെ ബൂസ്റ്റർ ഡോസും ഇസ്രായേൽ നൽകിയിരുന്നു. ദിവസേന ലക്ഷം ഡോസ് വാക്സിനാണ് ഇസ്രായേൽ നൽകിക്കൊണ്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ബൂസ്റ്റർ ഡോസ് എന്ന മൂന്നാംഡോസ് ആണ്.
'നിങ്ങൾക്ക് ലോക്ഡൗൺ ഇല്ലാത്ത ജീവിതം നയിക്കാനാവുമെങ്കിൽ, വലിയ തോതിലുള്ള ആശുപത്രി പ്രവേശനവും മരണവും കുറയ്ക്കാനാവുമെങ്കിൽ, കോവിഡിനൊപ്പമുള്ള ജീവിതം ഇതുപോലെയായിരിക്കും' -തെൽ ഹഷോമറിലെ ഷെബ മെഡിക്കൽ സെന്‍ററിലെ പകർച്ചവ്യാധി വിഭാഗം പ്രഫസർ ഇയാൽ ലെഷേം ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലിൽ വാക്സിൻ വിതരണത്തിൽ ഒന്നാമതായിരുന്ന ഇസ്രായേൽ പിന്നീട് ബ്ലൂംബർഗിന്‍റെ വാക്സിൻ ട്രാക്കറിൽ 33ാം സ്ഥാനത്തേക്ക് വന്നു. ചില യാഥാസ്ഥിതിക വിഭാഗങ്ങൾ വാക്സിനേഷന് മടിച്ചുനിന്നത് തിരിച്ചടിയായി. 61 ശതമാനം ഇസ്രായേലികളാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്. ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് ഈ നിരക്ക്.
വേനൽക്കാലത്താണ് ഇസ്രായേലിൽ കൊറോണയുടെ ഡെൽറ്റ വകഭേദം വ്യാപകമായി പടർന്നത്. സെപ്റ്റംബർ രണ്ടിന് മാത്രം റിപ്പോർട്ട് ചെയ്തത് 11,316 കേസുകളാണ്. എക്കാലത്തെയും ഉയർന്ന പ്രതിദിന നിരക്കായിരുന്നു ഇത്. അതേസമയം, രോഗം ഗുരുതരമാകുന്നതും ആശുപത്രിയിലേക്ക് മാറ്റുന്ന കേസുകളും കുറയുകയാണ്. ജനുവരി മധ്യത്തിൽ പ്രതിദിനം 1183 കേസുകളാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നതെങ്കിൽ, ആഗസ്റ്റ് അവസാനം ഇത് 751 മാത്രമാണ്.
വാക്സിൻ സ്വീകരിക്കാത്തവരിലും കുട്ടികളിലുമാണ് പ്രധാനമായും കോവിഡ് വർധിച്ചത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ ബ്രേക് ത്രൂ ഇൻഫെക്ഷനുമുണ്ടായി. വാക്സിനുകളുടെ ഫലപ്രാപ്തിയെ തന്നെ ഇത് ചോദ്യംചെയ്യുകയാണ്. എന്നാൽ, വാക്സിനെടുത്തവർക്ക് ആശുപത്രി വാസത്തിനുള്ള സാധ്യത 10 മടങ്ങ് കുറവാണ്.
ഡെൽറ്റ വ്യാപിച്ചുതുടങ്ങിയതോടെ ജൂണിൽ തന്നെ ഇസ്രായേൽ പൊതുസ്ഥലങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കിയിരുന്നു. 'ഒരു വർഷം മുമ്പുവരെ നമുക്ക് ലോക്ഡൗൺ അല്ലാതെ കോവിഡിനെ നേരിടാൻ മറ്റ് മാർഗമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പോളങ്ങളും തുറക്കാൻ സാധിച്ചു. ആഴ്ചയിൽ അരലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്നവർ കുറവാണ്' -പ്രഫസർ ഇയാൽ ലെഷേം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.