വാഷിങ്ടൺ: അമേരിക്കയിലെ എലമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികളടക്കം ആറു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രസിഡന്‍റ് ജോ ബൈഡൻ. ഇതൊരു രോഗമാണ് എന്നായിരുന്നു ബൈഡന്‍റെ പ്രതികരണം. തോക്ക് ആക്രമണങ്ങളിൽ അമേരിക്ക കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. സ്മോൾ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ വിമൻസ് ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെയായിരുന്നു ബൈഡൻ അമേരിക്കയിലെ ഏറ്റവും ഒടുവിലത്തെ വെടിവെപ്പ് ആക്രമണത്തിൽ പ്രതികരിച്ചത്.
ഇത് ഒരു അസുഖമാണ്. എന്താണ് സംഭവിച്ചതെന്നുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഹൃദയഭേദകമാണ്. ഒരു കുടുംബത്തിന്‍റെ ഏറ്റവും മോശം പേടിസ്വപ്നമാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തോക്ക് അക്രമം തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇത് നമ്മുടെ സമൂഹത്തെ ശിഥിലമാക്കുന്നു, ഈ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുന്നു. നമ്മുടെ സ്‌കൂളുകൾ ജയിലുകളായി മാറാതിരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണം. ആക്രമണ ആയുധ നിരോധന നിയമം പാസാക്കണമെന്ന് കോൺഗ്രസിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
നാഷ്‌വില്ലെയിലെ സ്വകാര്യ എലമെന്ററി സ്‌കൂളിൽ തിങ്കളാഴ്‌ചയാണ് കൂട്ടക്കൊലപാതകം അരങ്ങേറിയത്. ആയുധധാരിയായ മുൻ വിദ്യാർഥി ട്രാൻസ്ജെൻഡർ ഓഡ്രി ഹെയ്ൽ (28) ആണ് ആക്രമണം നടത്തിയത്. സ്കൂളിന്‍റെ ഭൂപടവും വഴികളും ഒക്കെ രേഖപ്പെടുത്തുന്ന ചിത്രങ്ങളുമായി കൃത്യമായ ആസൂത്രണത്തോടെയാണ് ഓഡ്രി ഹെയ്ൽ എത്തിയത്. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾക്ക് എട്ട് വയസ്സും രണ്ടു പേർക്ക് ഒമ്പത് വയസ്സും മാത്രമാണ് പ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.