ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ

രണ്ടാം ലോക യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് ജപ്പാൻ

ടോക്യോ: ചൈനീസ് സൈന്യത്തിന്റെ വർധിച്ച സ്വാധീനം, റഷ്യയുമായുള്ള ബന്ധം, തായ്‍വാൻ സംഘർഷം എന്നിവയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ജപ്പാൻ. രണ്ടാം ലോക യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ് രാജ്യം ഇപ്പോൾ നേരിടുന്നതെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സൈനികശക്തി കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ പരിഗണനയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഡിസംബറിൽ വിവാദപരമായ പുതിയ ദേശീയ സുരക്ഷാ നയം സർക്കാർ അംഗീകരിച്ചതിനുശേഷം സുരക്ഷ സംബന്ധിച്ചുള്ള ആദ്യത്തെ റിപ്പോർട്ടാണിത്. സൈനികശക്തി സ്വയം പ്രതിരോധത്തിന് മാത്രമുള്ളതാക്കുന്ന യുദ്ധാനന്തര നയം മാറ്റിയെഴുതുന്നതായിരുന്നു ഡിസംബറിൽ പ്രഖ്യാപിച്ച നയം.

രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും ഗുരുതരമായ സുരക്ഷാ സാഹചര്യമുണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് ചൈനയും റഷ്യയും ഉത്തര കൊറിയയുമാണെന്ന് 510 പേജുള്ള റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ചൈനയുടെ വിദേശ നയവും സൈനിക നടപടികളും ജപ്പാനും അന്താരാഷ്ട്ര സമൂഹത്തിനും ഭീഷണിയാണെന്നും റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ ദിവസം ഉത്തര കൊറിയൻ തലസ്ഥാനത്തുനടന്ന സൈനിക പരേഡിൽ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പം റഷ്യയുടെയും ചൈനയുടെയും പ്രതിനിധികളും പങ്കെടുത്തത് പ്രകോപനമായാണ് ജപ്പാൻ കാണുന്നത്. രാജ്യത്തിന്റെ പുതിയ ഡ്രോണുകളും ദീർഘദൂര ആണവ ശേഷിയുള്ള മിസൈലുകളും പരേഡിൽ പ്രദർശിപ്പിച്ചിരുന്നു. 

Tags:    
News Summary - Japan raises alarm over China’s military, Russia ties and Taiwan tensions in new defense paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.