വീണ്ടും ആണവനിലയങ്ങൾ നിർമിക്കാൻ ജപ്പാൻ

ടോക്യോ: ഫുകുഷിമ ആണവനിലയ ദുരന്തത്തോടെ പിറകോട്ടുപോയ ആണവോർജ പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ ജപ്പാൻ. പുതിയ നിലയങ്ങൾ നിർമിക്കുന്നത് രാജ്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി ഫുമിയോ കുഷിദ പറഞ്ഞു.

2011ലെ സൂനാമിയിൽ ഫുകുഷിമ നിലയം വെള്ളത്തിൽ മുങ്ങിയത് വൻദുരന്തത്തിൽ കലാശിച്ചിരുന്നു. ആണവവികിരണത്തെ തുടർന്ന് പരിസരങ്ങളിലെ ഒന്നര ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. രാജ്യത്ത് ഊർജം ഉൽപാദിപ്പിക്കുന്ന 50 ആണവനിലയങ്ങളുള്ളതിൽ 46ഉം പ്രവർത്തനം നിർത്തി. 1986ലെ ചെർണോബിൽ ദുരന്തത്തിനുശേഷം ഏറ്റവും വലിയ ആണവദുരന്തമായിരുന്നു സംഭവം.

ഇതിൽ ഒമ്പതെണ്ണം 2021ൽ വീണ്ടും പ്രവർത്തിച്ചുതുടങ്ങി. 14 നിലയങ്ങൾകൂടി തുറക്കാനുള്ള നടപടികൾ പൂർത്തിയായിവരുകയാണ്. ഇതിനിടെയാണ് പുതിയ നിലയങ്ങൾ നിർമിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. ആവശ്യമായ നടപടികൾ വർഷാവസാനത്തോടെ തീർക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കുഷിദ പറഞ്ഞു.

വൈദ്യുതി ആവശ്യത്തിന് രാജ്യം വൻതോതിൽ പ്രകൃതിവാതകവും കൽക്കരിയും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ബജറ്റ് താളംതെറ്റിക്കുന്ന സാഹചര്യത്തിലാണ് ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും ആണവോർജത്തെക്കുറിച്ച ആലോചന. ജൂലൈ 26ലെ കണക്കുകൾപ്രകാരം ഏഴു നിലയങ്ങളിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. മൂന്നെണ്ണം അറ്റകുറ്റപ്പണികൾക്ക് തൽക്കാലം നിർത്തിവെച്ചിട്ടുമുണ്ട്.

Tags:    
News Summary - Japan to build nuclear power plants again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.