വാഷിങ്ടൺ: വാർത്താസമ്മേളനത്തിനിടെ ഇറങ്ങിപ്പോകുന്നതിന് പേരുകേട്ടയാളാണ് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ. വാർത്താ സമ്മേളനം പൂർത്തിയാക്കാതെ പലതവണ അദ്ദേഹം ഇറങ്ങിപ്പോയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം, സിലിക്കൺ വാലി ബാങ്ക് തകർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഇറങ്ങിപ്പോയത് വൻ വിമർശനങ്ങൾക്കിടവെച്ചിരിക്കുകയാണ്.
നമ്മുടെ ചരിത്രപരമായ സാമ്പത്തിക സ്ഥിതിയെ സംരക്ഷിക്കുന്നതിന് സുസ്ഥിരമായ ബാങ്കിങ് സംവിധാനം നിലനിർത്തണം എന്ന് പ്രസിഡന്റ് പറഞ്ഞവസാനിപ്പിച്ചപ്പോൾ, ബാങ്ക് തകർന്നത് എന്തുകൊണ്ട് എന്നത് സംബന്ധിച്ച് നിങ്ങൾക്ക് എന്തെല്ലാം അറിയാം? ഇത് ഒരു തരംഗമായി തുടരില്ലെന്ന് അമേരിക്കക്കാർക്ക് ഉറപ്പു നൽകാൻ നിങ്ങൾക്കാവുമോ? - എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചു.
ചോദ്യം കേട്ട ഉടൻ ഒരു നിമിഷം പോലും വൈകാതെ, ബൈഡൻ വാർത്താസമ്മേളനം നിർത്തി ഇങ്ങിപ്പോയി. മറ്റേതെങ്കിലും ബാങ്ക് കൂടി തകരുമോ, പ്രസിഡന്റ് എന്ന് മറ്റൊരു റിപ്പോർട്ടർ ആ സമയം ചോദിക്കുന്നതും കേൾക്കാം. എന്നാൽ ബൈഡൻ അതിനൊന്നും മറുപടി നൽകാതെ മുറി വിട്ടുപോയി.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെയും ബൈഡൻ ഇത്തരത്തിൽ മാധ്യമപ്രവർത്തകരെ ഇരുത്തി മുറി വിട്ടുപോയിരുന്നു. ചൈനയുടെ ചാര ബലൂൺ സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെയായിരുന്നു. നിങ്ങളുടെ കുടുംബ ബിസിനസ് ബന്ധങ്ങളിൽ ഒത്തു തീർപ്പിന് തയാറാകുമോ? എന്ന ചോദ്യത്തിന് ഒരു ഇടവേള തരൂവെന്നും പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു ബൈഡൻ.
കഴിഞ്ഞ വർഷം കൊളംബിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ചിരിച്ചുകൊണ്ടിരിക്കുന്ന ബൈഡന്റെ വിഡിയോയും പ്രചരിച്ചിരുന്നു.
2021ൽ, ഷി ജിൻ പിങ്ങുമായും മറ്റ് നേതാക്കളുമായുമുള്ള കൂടിക്കാഴ്ച സംബന്ധിച്ച ഞങ്ങളുടെ ചോദ്യങ്ങൾക്ക് എപ്പോഴാണ് നിങ്ങൾ ഉത്തരം നൽകുക എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.