സുമോന ഗുഹ, തരുൺ ചബ്ര, ശാന്തി കളത്തിൽ

ബൈഡന്‍റെ വൈറ്റ്ഹൗസ് സംഘത്തിൽ മൂന്ന് ഇന്ത്യൻ വംശജർ കൂടി

വാഷിങ്ടൺ: അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വൈറ്റ്ഹൗസ് സംഘത്തിൽ മൂന്ന് ഇന്ത്യൻ വംശജർ കൂടി. തരുൺ ചബ്ര, സുമോന ഗുഹ, മുൻ മാധ്യമ പ്രവർത്തക ശാന്തി കളത്തിൽ എന്നിവരെയാണ് ഉന്നത പദവികളിലേക്ക് നാമനിർദേശം ചെയ്തത്. സുമോന ഗുഹക്ക് സൗത്ത് ഏഷ്യ സീനിയർ ഡയറക്ടർ, തരുൺ ചബ്രക്ക് ടെക്നോളജി ആൻഡ് നാഷണൽ സെക്യൂരിറ്റി സീനിയർ ഡയറക്ടർ, ശാന്തി കളത്തിൽ ഡെമോക്രസി-ഹ്യൂമൻ റൈറ്റ്സ് കോർഡിനേറ്റർ എന്നീ ചുമതലകളാണ് നൽകിയിട്ടുള്ളത്. 

ബൈഡന്‍റെയും കമലയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൗത്ത് ഏഷ്യ വിദേശനയ ഗ്രൂപ്പിന്‍റെ സഹമേധാവിയായിരുന്നു ഗുഹ. നിലവിൽ ആൽ‌ബ്രൈറ്റ് സ്റ്റോൺ‌ബ്രിഡ്ജ് ഗ്രൂപ്പിലെ സീനിയർ വൈസ് പ്രസിഡന്‍റാണ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിൽ വിദേശ സേവന ഓഫീസറായും സ്റ്റേറ്റ് സെക്രട്ടറിയുടെ പോളിസി പ്ലാനിങ് സ്റ്റാഫിലും സേവനമനുഷ്ഠിച്ചിരുന്നു. ഒബാമ-ബൈഡൻ ഭരണകാലത്ത്, ബൈഡന്‍റെ ദേശീയ സുരക്ഷാ കാര്യങ്ങളിൽ പ്രത്യേക ഉപദേഷ്ടാവ് ആയിരുന്നു. ജോൺസ് ഹോപ്കിൻസ്, ജോർജ് ടൗൺ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.

ജോർജ് ടൗൺ സർവകലാശാലയിലെ സെന്‍റർ ഫോർ സെക്യൂരിറ്റി ആൻഡ് എമർജിങ് ടെക്നോളജിയിലെ സീനിയർ ഫെലോ ആണ് തരുൺ ചബ്ര. ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ പ്രോജക്റ്റ് ഓൺ ഇന്‍റർനാഷണൽ ഓർഡർ ആൻഡ് സ്ട്രാറ്റജിയിൽ ഫെലോയും പെൻസിൽവാനിയ സർവകലാശാലയിലെ പെറി വേൾഡ് ഹൗസിലെ വിസിറ്റിങ് ഫെലോയും ആയിരുന്നു. ഒബാമ സർക്കാറിൽ ദേശീയ സുരക്ഷാ കൗൺസിൽ ആസൂത്രണ ഡയറക്ടറായും മനുഷ്യാവകാശ, ദേശീയ സുരക്ഷാ പ്രശ്നങ്ങളുടെ ഡയറക്ടറായും പെന്‍റഗണിൽ പ്രതിരോധ സെക്രട്ടറിയുടെ സഹായിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുൻ മാധ്യമ പ്രവർത്തകയായ ശാന്തി കളത്തിൽ നിലവിൽ ഇന്‍റർനാഷണൽ ഫോറം ഫോർ ഡെമോക്രാറ്റിക് സ്റ്റഡീസ് സീനിയർ ഡയറക്ടറാണ്. ഇന്‍റർനാഷണൽ ഡെവലപ്പ്മെന്‍റ് ഏജൻസി സീനിയർ ഡെമോക്രസി ഫെലോ, കാർനീജ് എൻഡോവ്മെന്‍റ് ഫോർ ഇന്‍റർനാഷണൽ പീസ്, ഏഷ്യൻ വാൾസ്ട്രീറ്റ് ജേർണൽ ഹോങ്കോങ് റിപ്പോർട്ടർ, ഇന്‍റർനാഷണൽ അഫെയർ ഒാർഗനൈസേഷൻസ് ഉപദേശകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കാലിഫോർണിയ സർവകലാശാല, ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി. ശാന്തി കളത്തിലും ടൈലർ സി. ബോസും ചേർന്നാണ് ഒാപ്പൺ നെറ്റ് വർക്സ്: ദ് ഇംപാക്റ്റ് ഒാഫ് ദ് ഇന്‍റർനെറ്റ് ഒാൺ അതോറിറ്റോറിയൻ റൂൾ എന്ന പുസ്തകം എഴുതിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.