ക്ലെവ്ലാൻറ്: പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് 35 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും എതിർ സ്ഥാനാർഥിയും ഡെമോക്രാറ്റുമായ ജോ ബൈഡനും തമ്മിൽ പൊതുവേദിയിൽ കൊമ്പുകോർത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാറുള്ള തുറന്ന സംവാദ വേദിയിൽ വെച്ച് ഉറഞ്ഞുതുള്ളുകയായിരുന്ന ട്രംപിനോട് ബൈഡന് 'നിങ്ങളൊന്ന് മിണ്ടാതിരിക്കുമോ' എന്ന് പറയേണ്ടി വന്നു.
റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപും ഡെമോക്രാറ്റായ ബൈഡനും തമ്മിൽ ഒാഹിയോവിലെ ക്ലെവ്ലാൻറിൽ നടന്ന തുറന്ന സംവാദം എല്ലാവരും വിചാരിച്ചതുപോലെ തന്നെ ഒരു വാക്കേറ്റത്തിെൻറ അവസ്ഥയിലേക്കാണ് പോയത്.
കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇരുവരും ഹസ്തദാനം ചെയ്യാതെയാണ് സ്റ്റേജിൽ നിന്നും അവരവരുടെ സ്പോട്ടിലേക്ക് പോയത്. 77 കാരനായ ബൈഡന് നേരെ തുടക്കത്തിൽ തന്നെ തെൻറ പതിവ് രീതിയിലുള്ള ആക്രമണം ട്രംപ് തുടങ്ങി. ഡെമോക്രാറ്റുകൾ തീവ്ര ഇടതുപക്ഷത്തിെൻറ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് പറഞ്ഞ ട്രംപ് ബൈഡെൻറ മകൻ അഴിമതി വീരനാണെന്നും ഡെമോക്രാറ്റുകളിൽ യാതൊരു മിടുക്കും അവശേഷിക്കുന്നില്ലെന്നും പറഞ്ഞു.
എന്നാൽ, കുറിക്കു കൊള്ളുന്ന മറുപടികളുമായി ബൈഡനും തുടങ്ങി. നുണയൻ, വംശീയവാദി, കോമാളി എന്നീ വാക്കുകൾ മിസൈലുകൾ കണക്കെ അദ്ദേഹം തൊടുത്തുവിട്ടു. കൂടെ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ കളിപ്പാവയാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അതിനുശേഷം ട്രംപ് ബൈഡന് ഒരു വാക്ക് ഉരിയാടാൻ അവസരം നൽകാതെ തെൻറ ഭരണകാലത്തുണ്ടായ സാമ്പത്തിക നേട്ടങ്ങളെ കുറിച്ച് വലിയ ശബ്ദത്തിൽ തുടർച്ചയായി വിളിച്ചുപറഞ്ഞു. ഇടക്ക് ബൈഡെൻറ മകനിട്ട് കൊട്ടുകൊടുക്കാനും മറന്നില്ല. അമേരിക്കയുടെ കോടീശ്വരനായ പ്രസിഡൻറിെൻറ നിർത്താതെയുള്ള പ്രസംഗത്തിൽ സഹികെട്ട് എതിർ സ്ഥാനാർഥിക്ക് പറയേണ്ടി വന്നു.. 'ഒന്ന് വായടക്കാമോ മനുഷ്യാ'.. ("Will you shut up, man!")
രാജ്യത്തെ കോവിഡ് സാഹചര്യമാണ് നിരന്തരമായി ബൈഡൻ ട്രംപിനെതിരെയുള്ള ആയുധമായി പ്രയോഗിക്കാറുള്ളത്. 'കോവിഡ് കാരണം ആരെങ്കിലും മരിച്ചതിനാൽ നിങ്ങളിൽ എത്രപേർ ഇന്ന് രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയപ്പോൾ തീൻമേശക്കടുത്ത് ഒരു ശൂന്യമായ കസേര കണ്ടിട്ടുണ്ട്...?? നിലവിൽ രണ്ട് ലക്ഷത്തോളം പേർ വൈറസ് ബാധയേറ്റ് മരിച്ച അമേരിക്കയിലെ ജനങ്ങളോട് ബൈഡൻ ചോദിച്ച ചോദ്യമാണിത്. 'കോവിഡ് വന്നാൽ, നിങ്ങളുടെ കൈയ്യിൽ ബ്ലീച് കുത്തിവെച്ചാൽ മതി, അത് നോക്കിക്കൊള്ളും'. 74 കാരനായ ട്രംപിെൻറ ഇത്തരത്തിലുള്ള പല കുപ്രസിദ്ധ പ്രസ്താവനകളും അദ്ദേഹം പല ഘട്ടങ്ങളിലായി പൊടിതട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
റിപബ്ലിക്കനായ ട്രംപ് കഴിഞ്ഞ കുറച്ചുകാലമായി ബൈഡന് നേരെ പലതരം ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് പറഞ്ഞുപരത്തുന്നത്. ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബൈഡന് ലഹരിമരുന്നോ അല്ലെങ്കിൽ ആരെങ്കിലും രഹസ്യമായി ഉത്തരങ്ങൾ പറഞ്ഞുകൊടുക്കാൻ ഒരു ഇയർപീസോ വേണ്ടി വരുമെന്ന് ട്രംപ് പറയുകയുണ്ടായി. താൻ തെരഞ്ഞെടുപ്പിൽ തോറ്റാലും അധികാര കൈമാറ്റം സമാധാന അന്തരീക്ഷത്തിലായിരിക്കില്ലെന്ന ഭീഷണിയും ട്രംപ് കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു.
കോവിഡ് സാഹചര്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിക്കുമെന്ന ഭയവും നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം വൈകിയാലും സമാധാനം പുലർത്താൻ തയ്യാറാണെന്ന് ബൈഡനും സംഘവും അറിയിച്ചിട്ടുണ്ടെങ്കിലും പതിനായിരക്കണക്കിന് ബാലറ്റുകളിൽ കൃത്രിമം കാണിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അതിനോട് പൊരുത്തപ്പെടാനാകില്ല എന്നാണ് ട്രംപ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.