ബൈഡൻ ഇസ്രായേലിലേക്ക്; കൂടിക്കാഴ്ച റദ്ദാക്കി ഫലസ്തീനും ജോർദാനും

വാഷിങ്ടൺ ഡി.സി: ഗസ്സയിലെ ആശുപത്രിയിൽ വ്യോമാക്രമണം നടത്തി കുട്ടികളും രോഗികളുമുൾപ്പെടെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശിക്കുന്നു. ബുധനാഴ്ച വൈകീട്ട് ബൈഡൻ പുറപ്പെടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഹമാസിനെതിരായ യുദ്ധതന്ത്രങ്ങളും യുദ്ധം വ്യാപിച്ചാൽ സ്വീകരിക്കേണ്ട നടപടികളും ഇസ്രായേൽ നേതാക്കളുമായി ബൈഡൻ ചർച്ച ചെയ്യും. യുദ്ധത്തിൽ ഇസ്രായേലിനുള്ള പൂർണ പിന്തുണയും ബൈഡൻ അറിയിക്കും.

അതേസമയം, ഇസ്രായേൽ ഗസ്സയിലെ ആശുപത്രി ആക്രമിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും ജോർദാൻ രാജാവ് അബ്ദുല്ലയും ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നാളെ നടക്കാനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. 

ഇസ്രായേൽ നടത്തിയത് പൊറുക്കാനാവാത്ത ക്രൂരകൃത്യമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീൻ ജനതയെ വിശ്വാസത്തിലെടുക്കാതെ ബൈഡന് ഇസ്രായേലിനെ പിന്തുണക്കാനാകില്ല. ഈജിപ്ത്, ജോർദാൻ എന്നിവരുമായി കൂടിയാലോചിച്ചാണ് ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും ഫലസ്തീൻ പ്രസിഡന്‍റ് പറഞ്ഞു.

റഫ അതിർത്തി വഴി ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത് സംബന്ധിച്ച് ബൈഡൻ ഇസ്രായേലുമായി ചർച്ച നടത്തും. എന്നാൽ ഹമാസ് ബന്ദികളെ വിട്ടുനൽകാതെ സഹായമെത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഇസ്രായേലിനുള്ളതെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Jordan cancels Biden’s trip to Amman after Gaza hospital attack: FM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.