ലണ്ടൻ: നിർണായക ചോർത്തലുകളുമായി ലോകത്തുടനീളം ഭരണകൂടങ്ങളെ മുൾമുനയിലാക്കിയ വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് നൽകിയ പൗരത്വം എക്വഡോർ പിൻവലിച്ചു. ബ്രിട്ടീഷ് തടവറയിൽ കഴിയുന്ന അസാൻജ് യഥാർഥ രേഖകൾ മറച്ചുവെച്ച് വ്യാജ തെളിവുകൾ നൽകിയെന്ന് ആരോപിച്ചാണ് നടപടി. തെറ്റുകളേറെയാണെന്നതിന് പുറമെ ഒന്നിലേറെ ഒപ്പുകളും രേഖകളിലുണ്ടെന്ന് എക്വഡോർ സർക്കാർ പറ്യുന്നു. എന്നാൽ, വിശദീകരണം നൽകാൻ അവസരം നൽകാതെയാണ് നടപടിയെന്ന് അസാൻജിന്‍റെ അഭിഭാഷകൻ കാർലോസ് പൊവീദ പറഞ്ഞു.
ലണ്ടനിലെ എക്വഡോർ എംബസിയിൽ അഭയം തേടിയ ആസ്ട്രേലിയൻ വംശജനെ രക്ഷപ്പെടുത്താൻ 2018ലാണ് പൗരത്വം നൽകിയത്. നയതന്ത്രപ്രതിനിധിയായി പ്രഖ്യാപിക്കുന്നതിനായിരുന്നു പൗരത്വം നൽകൽ. എന്നാൽ, വിഷയം പരിഗണിച്ച കോടതി പൗരത്വം റദ്ദാക്കുകയായിരുന്നു.
വിക്കീലീക്സ് വെളിപ്പെടുത്തലുകളുടെ തുടർച്ചയായി വന്ന നിരവധി കേസുകളിൽ 2019 ഏപ്രിലിൽ അസാൻജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ബെൽമാർഷ് കോടതിയിലടച്ചിരുന്നു. ഏഴു വർഷമാണ് അദ്ദേഹം ലണ്ടനിലെ എക്വഡോർ എംബസിയിൽ കഴിഞ്ഞിരുന്നത്.
അമേരിക്കയിൽ അസാൻജിനെതിരെ 17 ചാരവൃത്തി കേസുകൾ നിലനിൽക്കുന്നുണ്ട്. സൈനിക, നയതന്ത്ര രഹസ്യങ്ങൾ ചോർത്താൻ കമ്പ്യൂട്ടർ ദുരുപയോഗം ചെയ്തതിന് വേറെയും കേസുണ്ട്. 175 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ് കേസ്.
പൗരത്വം റദ്ദാക്കപ്പെട്ടതോടെ അസാൻജിനെ അമേരിക്കക്ക് വിചാരണക്കായി കൈമാറിയേക്കും. കഴിഞ്ഞ ജനുവരിയിൽ അമേരിക്ക നൽകിയ നാടുകടത്തൽ അപേക്ഷ കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.