സിഡ്നി: ഓമനയായി വളർത്തിയ കംഗാരു 77 കാരനെ കൊന്നു. വൃദ്ധന് അപകടം പറ്റിയതറിഞ്ഞ് എത്തിയ പ്രഥമ ശുശ്രൂഷാ സംഘത്തെ തടഞ്ഞ കംഗാരുവിനെ വെടിവെച്ച് കൊന്നശേഷമാണ് ആംബുലൻസ് അടക്കമുള്ളവക്ക് അദ്ദേഹത്തിന് അടുതെതത്താനായത്. അപ്പോഴേക്കും വൃദ്ധൻ മരിച്ചിരുന്നു.
86 വർഷങ്ങൾക്കിടെ ആദ്യമാണ് കംഗാരുവിൽ നിന്ന് ഇത്തരത്തിൽ മാരകമായ ആക്രമണമുണ്ടാകുന്നതെന്ന് അധികൃതർ പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം പുറത്തറിയുന്നത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കൻ പട്ടണമായ റെഡ്‌മണ്ടിൽ ഗുരുതര പരിക്കുകളോടെ വൃദ്ധനെ ബന്ധു കണ്ടെത്തുകയായിരുന്നു. കംഗാരു രാവിലെ തന്നെ വൃദ്ധനെ ആക്രമിച്ചുവെന്നാണ്.
ആംബുലൻസും ഡോക്ടർമാരും സ്ഥലത്തെത്തിയപ്പോൾ സ്ഥലത്തു തന്നെ ഉണ്ടായിരുന്ന കംഗാരു ഇവർ കോമ്പൗണ്ടിലേക്ക് കടക്കുന്നത് തടഞ്ഞു. തുടർന്ന് പൊലീസ് സംഘമെത്തി കംഗാരുവിനെ വെടിവെച്ചുകൊന്നശേഷമാണ് വൃദ്ധനടുത്തെത്താൻ ഡോക്ടർമാർക്ക് സാധിച്ചത്. അപ്പോഴേക്കും വൃദ്ധൻ മരിച്ചിരുന്നു.
പരിക്കേറ്റയാൾക്ക് ആവശ്യമായ അടിയന്തര ചികിത്സ നൽകുന്നതിൽ കംഗാരു തടസമായി നിന്നതിനാൽ വെടിവെച്ച് കൊല്ലേണ്ടി വന്നുവെന്ന് പൊലീസ് പറഞ്ഞു. കാട്ടിൽ വളരുന്ന കംഗാരുവിനെ വൃദ്ധൻ ഓമനിച്ച് വളർത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വെസ്റ്റേൺ ഗ്രേ സ്പീഷിസിൽ പെടുന്ന കംഗാരുകളാണ് ആസ്ത്രേലിയയിൽ കാണുന്നവ. അവക്ക് 2.2 മീറ്റർ (7.4അടി) ഉയരവും 70 കിലോ ഭാരവും ഉണ്ടാകും.
1936ലാണ് അവസാനമായി കംഗാരു ഇത്തരത്തിൽ മാരകമായ ആക്രമണം നടത്തിയതെന്ന് ആസ്ത്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്ന് നടന്ന സംഭവത്തിൽ മാരകമായി പരിക്കേറ്റ 38 കാരനായ വില്യം ക്രൂക്ക്ഷാൻക് ഒരു മാസം ന്യൂ സൗത് വേൽസിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരിച്ചുവെന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. തന്റെ നായ്ക്കളെ കംഗാരുവിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു വില്യമിന് പരിക്കേറ്റത്. ആക്രമണത്തിൽ താടിയെല്ലിന് പൊട്ടലും തലയ്ക്ക് സാരമായ പരിക്കുകളുമേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.