ക്രിസ്തുവിനെ കാണാൻ പട്ടിണി കിടന്ന് മരിക്കണമെന്ന് മതപ്രഭാഷകൻ; കെനിയയിൽ 95 മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു

നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ മതപ്രഭാഷകന്‍റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 95 ആയി. പാസ്റ്റർ പോൾ മക്കൻസി എന്നയാളുടെ ആഹ്വാനപ്രകാരം വനമേഖലയിൽ ദിവസങ്ങളായി പട്ടിണികിടന്നവരാണ് മരിച്ചത്. ഇയാളുടെ അനുയായികളായ 314 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി. മലിൻഡി നഗരത്തോട് ചേർന്ന 800 ഏക്കർ വനമേഖലയിൽ ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മരണം കാത്തുകിടന്ന 34 പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി.

ഗുഡ് ന്യൂസ് ഇന്‍റർനാഷണൽ എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കിയാണ് പാസ്റ്റർ പോൾ മക്കൻസിയുടെ പ്രവർത്തനം. നിരവധി അനുയായികൾ ഇയാൾക്കുണ്ട്. പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗത്തിലെത്താമെന്നും യേശുക്രിസ്തുവിനെ കാണാനാകുമെന്നായിരുന്നു പാസ്റ്റർ തന്‍റെ അനുയായികളെ വിശ്വസിപ്പിച്ചത്. തുടർന്ന് പാസ്റ്ററുടെ അനുയായികൾ വനമേഖലയിൽ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മരണം കാത്തു കിടക്കുകയായിരുന്നു. മൃതദേഹങ്ങൾ ആഴം കുറഞ്ഞ കുഴിയിൽ മൂടിയ നിലയിലാണ് കണ്ടെത്തിയത്. പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വനമേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് അധികൃതർ തിരച്ചിൽ തുടരുന്നത്.

 

പാസ്റ്റർ പോൾ മക്കൻസി നേരത്തെയും സമാന കേസിൽ അറസ്റ്റിലായിരുന്നു. 2019ലും ഇക്കഴിഞ്ഞ മാർച്ചിലും കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിലുള്ള കേസുകളിൽ ജാമ്യത്തിലായിരുന്നു ഇയാൾ. 

Tags:    
News Summary - Kenya cult death toll rises to 95 as government sets curfew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.