ശത്രുതാ നയം ആദ്യം അവസാനിപ്പിക്കണം -ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് മറുപടിയുമായി കിം യോ ജോങ്

പ്യോംങ്യാംങ്: ഇരു കൊറിയകള്‍ക്കിടയില്‍ സാങ്കേതികമായി തുടരുന്ന യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കണമെന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ നിര്‍ദേശം പ്രശംസനീയമാണെന്ന് കിം യോ ജോങ്. എന്നാല്‍ ശത്രുതാപരമായ നയങ്ങള്‍ ആദ്യം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരിയും പ്രധാന നയഉപദേഷ്ടാവുമായ കിം യോ ജോങ് പറഞ്ഞു.

ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ ആണ് കിം യോ ജോങ്ങിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.

1950-53 കാലഘട്ടത്തിലെ സംഘര്‍ഷം സമാധാന ഉടമ്പടിയിലൂടെയല്ലാതെ അവസാനിച്ചതിനാല്‍ ഇരുകൊറിയകളും സാങ്കേതികമായി അരനൂറ്റാണ്ടിലേറെയായി യുദ്ധത്തില്‍ തന്നെയാണെന്നും ഇത് ഔദ്യോഗികമായി അവസാനിപ്പിക്കണമെന്നുമായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ പ്രസ്താവന. കഴിഞ്ഞ ആഴ്ച യു.എന്‍ ജനറല്‍ അസംബ്ലിയിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

യുദ്ധത്തിന് ഔദ്യോഗികമായി അന്ത്യം നിര്‍ദേശിക്കുന്നത് പ്രശംസനീയമായ ആശയമാണ്. എന്നാല്‍ ദക്ഷിണ കൊറിയ ആദ്യം ശത്രുതാപരമായ മനോഭാവം അവസാനിപ്പിക്കണം. മുന്‍വിധിയും ശത്രുതാപരമായ നയവും ഉപയോഗിച്ച് ഇത്തരം പ്രസ്താവന നടത്തുന്നതില്‍ അര്‍ത്ഥമില്ല -കിം യോ ജോങ് മറുപടി നല്‍കി.

ഈ മാസം രണ്ടു തവരണ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതിനെ പ്രകോപനപരമെന്നാണ് ദക്ഷിണ കൊറിയ വിശേഷിപ്പിച്ചിരുന്നത്.

Tags:    
News Summary - kim yo jong demands south drop hostile policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.