ബൈറൂത്: ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കിയ ഇസ്രായേൽ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയിൽ കടന്നതായി റിപ്പോർട്ട്. ഇസ്രായേൽ അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് ശനിയാഴ്ച പുലർച്ചെ സൈന്യം എത്തിയത്. ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ സൈന്യം ഈ കുന്നിൽനിന്ന് പിന്നീട് പിന്മാറിയതായും ലബനാന്റെ ഔദ്യോഗിക നാഷനൽ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ആറ് ആഴ്ച മുമ്പ് അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് ഇസ്രായേൽ കരസേന ലബനാന്റെ ഇത്രയും ഉൾഭാഗത്തേക്ക് എത്തുന്നത്. ശാമാ ഗ്രാമത്തിലെ ഷിമോൺ ദേവാലയവും നിരവധി വീടുകളും സ്ഫോടനത്തിൽ തകർത്ത ശേഷമാണ് സൈന്യം പിന്മാറിയതെന്നും ഏജൻസി അറിയിച്ചു. അതേസമയം, തെക്കൻ ലബനാനിൽ പരിമിതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
തലസ്ഥാനമായ ബൈറൂത്തിന്റെ തെക്കൻ ഭാഗങ്ങളിലും തെക്കൻ ലബനാനിലും ഇസ്രായേൽ നിരവധി തവണ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് കരയുദ്ധം ശക്തമാക്കിയത്. ദാഹിയ, ഹരെത് റീക്, ശിയാഹ്, തൈറെ തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചയായി അഞ്ചാം ദിവസവും കെട്ടിടങ്ങളിൽ ബോംബിട്ടു.
നാബാതിയയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് മെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ, ലബനാനിൽ വിവിധയിടങ്ങളിലായി 59 പേരുടെ ജീവൻ പൊലിഞ്ഞതായും 182 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.