എണ്ണ-വാതക നിക്ഷേപം വർധിപ്പിക്കാനുള്ള ​ ‘കോപ് 29’ ചീഫ് സെക്രട്ടറിയുടെ രഹസ്യ ഇടപാട് പുറത്ത്

ലണ്ടൻ: അസർബൈജാനിലെ ബാക്കുവിൽ ‘കോപ്-29’ എന്ന പേരിൽ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് കത്തിപ്പടർന്ന് ഉച്ചകോടിയുടെ മുതിർന്ന ഉ​ദ്യോഗസ്ഥൻ എൽനൂർ സോൾട്ടനോവ് ഉൾപ്പെട്ട വിവാദം. അസർബൈജാനിലെ ഡെപ്യൂട്ടി ഊർജ മന്ത്രിയായും സേവനമനുഷ്ഠിക്കുന്ന സോൾട്ടാനോവ്, നിക്ഷേപകനെന്ന വ്യാജേന സമീപിച്ച ഒരാളുമായി എണ്ണ, വാതക നിക്ഷേപങ്ങൾ പര്യവേക്ഷണം ചെയ്യാൻ ത​ന്‍റെ പങ്ക് ഉപയോഗിച്ചതായി ബി.ബി.സിയാണ് പുറത്തുവിട്ടത്.

മനുഷ്യാവകാശ സംഘടനയായ ‘ഗ്ലോബൽ വിറ്റ്‌നസ്’ നടത്തിയ രഹസ്യാന്വേഷണം പുറത്തുവന്നത് ആഗോള താപനത്തെ കടുപ്പിക്കുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്താൻ ലക്ഷ്യമിടുന്ന കാലാവസ്ഥാ ഉച്ചകോടിയിലെ താൽപര്യ വൈരുധ്യങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.

ബി.ബി.സിക്ക് ലഭിച്ച ഒരു രഹസ്യ റെക്കോർഡിംഗിൽ സോൾട്ടാനോവ് അസർബൈജാനിലെ എണ്ണ, വാതക പാടങ്ങളുടെ പര്യവേക്ഷണ സാധ്യതയുള്ള ഇടപാടുകൾ ചർച്ച ചെയ്യുന്നതും സംയുക്ത സംരംഭങ്ങളും പുതിയ പൈപ്പ്ലൈൻ ഇൻഫ്രാസ്ട്രക്ചറും നിർദേശിക്കുന്നതും കാണാം. ‘സോക്കർ’ എന്ന വ്യാജപേരിൽ പരിചയപ്പെടുത്തിയ ടീമുമായി വാതക ഉൽപാദനം വിപുലീകരിക്കാനുള്ള രാജ്യത്തി​ന്‍റെ പദ്ധതികളും ഊർജ മന്ത്രി എടുത്തുകാണിച്ചു.

‘നിങ്ങളുടെ ടീമും (സോക്കറും) തമ്മിൽ ഒരു ബന്ധം ഉണ്ടാക്കു​ന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതിനാൽ ചർച്ചകൾ ആരംഭിക്കാൻ കഴിയും’- എണ്ണ ഇടപാടുകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള മാർഗം വാഗ്ദാനം ചെയ്തുകൊണ്ട് സോൾട്ടനോവ് വ്യാജ നിക്ഷേപകനോട് പറഞ്ഞു. ഹോങ്കോങ് ആസ്ഥാനമായുള്ള വ്യാജ ഊർജ സ്ഥാപനവുമായി 600,000 ഡോളർ സ്പോൺസർഷിപ്പ് കരാറിലേക്ക് നയിച്ചുവെന്നും രഹസ്യാന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

‘ഇതുകൊണ്ടാണ് ആയിരക്കണക്കിന് ഫോസിൽ ഇന്ധന ലോബിയിസ്റ്റുകൾ കാലാവസ്ഥാ ഉച്ചകോടികളിൽ പങ്കെടുക്കുന്നത്. ഈച്ചകൾ ചത്ത ശവത്തിന് ചുറ്റും മൂളിപ്പറക്കുന്നതുപോലെ വളരെക്കാലമായി അവരുണ്ട്. അവർക്കായി എല്ലാ ലോകനേതാക്കളും ഒരിടത്തുണ്ട്. അതിനാൽ കൈക്കൂലി നൽകാനും കഴിയും. അത് ഇപ്പോൾ നിർത്തണം’- സംഭവ​ത്തിൽ പ്രതികരിച്ച് കാലാവസ്ഥാ വിദഗ്ധൻ പ്രഫസർ ബിൽ മക്‌ഗുയർ ‘എക്‌സി’ൽ പറഞ്ഞു.

കാലാവസ്ഥാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിനിടെ ഫോസിൽ ഇന്ധന ഇടപാടുകൾക്കായി യു.എ.ഇ ശ്രമിച്ചുവെന്ന കഴിഞ്ഞ വർഷത്തെ COP28ലെ വിവാദത്തിനു പിന്നാലെയാണ് പുതിയ സംഭവം. ഇത്തവണത്തെ ആതിഥേയരായ അസർബൈജാൻ ഉദ്യോഗസ്ഥ​ന്‍റെ പ്രവർത്തനങ്ങൾ ‘കോപ്’ പ്രക്രിയയെ തുരങ്കം വെക്കുന്നുവെന്ന ആരോപണം ഉയർന്നു. ഇത്തരം പ്രവർത്തികളിലൂടെ ഉച്ചകോടിയുടെ ലക്ഷ്യങ്ങളെ വഞ്ചിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ അപലപിച്ചു.

‘കോപി’നു മേൽനോട്ടം വഹിക്കുന്ന യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് അതി​ന്‍റെ ഉദ്യോഗസ്ഥർക്ക് കർശനമായ മാനദണ്ഡങ്ങൾ വെച്ചിട്ടുണ്ട്. പക്ഷപാതമോ മുൻവിധിയോ സ്വാർത്ഥതാൽപര്യമോ ഇല്ലാതെ പ്രവർത്തിക്കാൻ അവരോട് ആവശ്യപ്പെടുന്നു. എന്നാൽ, സോൾട്ടനോവി​ന്‍റെ കാര്യത്തിൽ യു.എൻ അഭിപ്രായം പറഞ്ഞിട്ടില്ല. യു.എൻ കാലാവസ്ഥാ സമിതിയുടെ മുൻ മേധാവി ക്രിസ്റ്റ്യാന ഫിഗറസ് സംഭവത്തിൽ ​നടുക്കം പ്രകടിപ്പിച്ചു. അത്തരം പെരുമാറ്റം ‘കോപി’​ന്‍റെ പ്രക്രിയയോടുള്ള രാജ്യദ്രോഹത്തിനു തുല്യമാണെന്ന് അവർ ബി.ബി.സിയോട് പറഞ്ഞു.

ക്രമീകരണത്തി​ന്‍റെ ഭാഗമായി COP29 സംഘാടകർ കാലാവസ്ഥാ ലക്ഷ്യങ്ങളുമായി വൈരുധ്യമുണ്ടാകാൻ സാധ്യതയുള്ള ‘സുസ്ഥിര എണ്ണ, വാതക നിക്ഷേപം’ എന്നതിലൂന്നിയുള്ള ഉന്നതതല ചർച്ചകളിലേക്കും പരിപാടികളിലേക്കും പ്രത്യേക പ്രവേശനം നിശ്ചയിച്ചയതായും റിപ്പോർട്ടുണ്ട്.

എണ്ണയും വാതകവും അടങ്ങുന്ന 90ശതമാനം കയറ്റുമതി സമ്പദ്‌വ്യവസ്ഥയുടെ പകുതി നിർണയിക്കുന്ന അസർബൈജാനെ സംബന്ധിച്ചിടത്തോളം അതി​ന്‍റെ ഓഹരികൾ ഉയർന്നതാണ്. ഏറ്റവും കൂടുതൽ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്ന COP ആതിഥേയൻമാരിൽ ഒന്ന് എന്ന നിലയിൽ ഉച്ചകോടിയിലെ രാജ്യത്തി​ന്‍റെ പങ്ക് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

Tags:    
News Summary - Leaked tape exposes COP29 chief secretary’s backroom deals to boost oil and gas investments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT