മോസ്കോ: യുക്രെയ്‌നെതിരായ യുദ്ധത്തിന് സഹായിക്കാനെത്തിയ ഉത്തര കൊറിയൻ സൈനികർ റഷ്യയിൽനിന്നും നിയന്ത്രണങ്ങളില്ലാതെ ഇന്‍റർനെറ്റ് ലഭിച്ചതോടെ അശ്ലീല വീഡിയോകൾക്ക് അടിമപ്പെട്ടതായി റിപ്പോർട്ട്. ബ്രിട്ടീഷ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയിൽ വിന്യസിച്ചിരിക്കുന്ന ഉത്തര കൊറിയൻ സൈനികർക്ക് മുമ്പൊരിക്കലും നിയന്ത്രണങ്ങളില്ലാതെ ഇന്‍റർനെറ്റ് ലഭിച്ചിട്ടില്ല, ഇതിന്‍റെ ഫലമായി അവർ അശ്ലീലചിത്രങ്ങളിൽ മുഴുകുകയാണെന്നാണ് വിശ്വസനീയമായ വൃത്തങ്ങൾ അറിയിക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസിന്‍റെ വിദേശകാര്യ കമന്‍റേറ്റർ ഗിഡിയൻ റാച്ച്മാൻ പറഞ്ഞു.
യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യയെ സഹായിക്കാൻ 10,000 സൈനികരെയാണ് അയച്ചിരിക്കുന്നത്. റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സൈന്യത്തെ അയച്ചത്. റഷ്യക്ക് ദീർഘകാലം പിന്തുണ നൽകുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. സൈനികരിൽ 7000 പേർക്ക് റഷ്യയുടെ വിവിധ കേന്ദ്രങ്ങളിലായി പരിശീലനം നൽകിയിരുന്നു. എന്നാൽ, ഇവർ യുദ്ധത്തിനൊന്നും പോകാതെ മുഴുവൻ സമയവും അശ്ലീല വീഡിയോകൾ കാണുകയാണത്രെ.
എന്നാൽ, ഇക്കാര്യം തനിക്ക് സ്ഥിരീകരിക്കാനാവില്ലെന്നാണ് യു.എസ് പ്രതിരോധ വകുപ്പ് വക്താവ് ആർമി ലഫ്റ്റനൻ്റ് കേണൽ ചാർലി ഡയറ്റ്‌സ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്.
പൊതുജനത്തിനും സൈനികർക്കുമടക്കം ഇന്‍റർനെറ്റ് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. അശ്ലീല ചിത്രങ്ങളുടെ നിർമാണം, വിതരണം, ഇറക്കുമതി, കൈവശം വെക്കൽ എന്നിവക്കെല്ലാം കർശന ശിക്ഷയാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.