ട്രംപിന്റെ വിജയത്തിൽ കരുതലോടെ പ്രതികരിച്ച് നേതാക്കൾ
വാഷിങ്ടൺ: ചരിത്രം സൃഷ്ടിച്ച തിരിച്ചുവരവോടെ യു.എസ് പ്രസിഡന്റ് പദവി പിടിച്ചടക്കിയ ഡോണൾഡ് ട്രംപ് രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും ഭാഗധേയം മാറ്റിയെഴുതാൻ ശ്രമം നടത്തുമെന്ന വ്യാപക വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കരുതലോടെ പ്രതികരിച്ച് വിവിധ നേതാക്കൾ.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നാറ്റോ മേധാവി മാർക് റൂട്ടെ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ട്രംപിനെ അഭിനന്ദിച്ചപ്പോൾ പക്ഷെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. അതേസമയം, 2016ലെ ട്രംപിന്റെ വിജയത്തിൽ ആദ്യം അഭിനന്ദിച്ച നേതാക്കളിൽ ഒരാൾ പുടിനായിരുന്നു.
‘‘സൗഹൃദത്തിലല്ലാത്ത ഒരു രാജ്യത്തിന്റെ കാര്യമാണ് നിങ്ങൾ പറയുന്നത്. ഞങ്ങളുമായി നേരിട്ടും അല്ലാതെയും യുദ്ധത്തിലുള്ള രാജ്യമാണത്’’ - വിജയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കഴിഞ്ഞ ദിവസം പറഞ്ഞു. അടുത്ത കാലത്തൊന്നും ട്രംപിനെ അഭിന്ദിക്കാൻ പുടിന് പദ്ധതിയില്ലെന്നും പ്രസിഡന്റ് പദവിയിൽ ട്രംപിന്റെ പ്രവർത്തനം നോക്കിയശേഷം കാര്യങ്ങൾ തീരുമാനിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
പരാജയം അംഗീകരിച്ച എതിർ സ്ഥാനാർഥി കമല ഹാരിസ്, ജനാധിപത്യത്തിനായുള്ള പോരാട്ടം തുടരുമെന്നാണ് പ്രതികരിച്ചത്. ഏറ്റവും മികച്ച അമേരിക്കക്കാരിയായ കമല ഹാരിസിന് അഭിനന്ദനമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആദ്യം പ്രതികരിച്ചത്. സെനറ്റിലും വിജയം കൊയ്ത, ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് പക്ഷെ, പ്രതിനിധിസഭയിൽ ആധിപത്യം ഇനിയും ഉറപ്പാക്കാനായിട്ടില്ല.
ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യൻ അമേരിക്കക്കാർ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണൾഡ് ട്രംപിെന്റ വിജയത്തെ സ്വാഗതം ചെയ്ത് പ്രമുഖ ഇന്ത്യൻ അമേരിക്കക്കാർ. യു.എസ്-ഇന്ത്യ ബന്ധം മെച്ചപ്പെടുത്താൻ അദ്ദേഹവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അവർ ഉറപ്പ് നൽകി.
‘തെരഞ്ഞെടുപ്പ് വിജയത്തിൽ ഡോണൾഡ് ട്രംപിനെ അഭിനന്ദിക്കുന്നു. അമേരിക്കൻ നവീകരണത്തിെന്റ സുവർണ കാലഘട്ടത്തിലാണ് നാം. ഭരണത്തിെന്റ നേട്ടങ്ങൾ എല്ലാവർക്കും എത്തിക്കാൻ സഹായിക്കുന്നതിന് അദ്ദേഹത്തിെന്റ ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്’ -ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ പറഞ്ഞു.
അമേരിക്കൻ ജനത ഒറ്റക്കെട്ടായി നിൽക്കാനും രാജ്യത്തിനായി പ്രാർഥിക്കാനും സമാധാനപരമായ അധികാര കൈമാറ്റ പ്രക്രിയ ആരംഭിക്കാനുമുള്ള സമയമാണിതെന്ന് മുൻ സൗത്ത് കരോലിന ഗവർണർ നിക്കി ഹാലി പറഞ്ഞു. അമേരിക്കയെ സംബന്ധിച്ചിടത്തോളം മഹത്തായ ദിനമാണിതെന്ന് മുൻ ലൂസിയാന ഗവർണർ ബോബി ജിൻഡാൽ വിശേഷിപ്പിച്ചു. ‘നമുക്ക് ഒരു നിമിഷം ആഘോഷിക്കാം. തുടർന്ന് നമ്മുടെ രാജ്യത്തെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഠിനാധ്വാനം ആരംഭിക്കാം’ -ജിൻഡാൽ പറഞ്ഞു.
അമേരിക്കയിൽ ഇത് പുലരിയാണെന്ന് സംരംഭകനിൽനിന്ന് രാഷ്ട്രീയക്കാരനായ വിവേക് രാമസ്വാമി പറഞ്ഞു. ഇനി നമുക്ക് രാജ്യത്തെ രക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രസിഡൻറ് ട്രംപിന് അഭിനന്ദനങ്ങൾ. യു.എസ്-ഇന്ത്യ ബന്ധത്തിലെ ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളിലും ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് നയിക്കാൻ കഴിയുന്ന ആഗോള വെല്ലുവിളികളിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ -പ്രവാസി ഇന്ത്യക്കാർക്കായി പ്രവർത്തിക്കുന്ന ഇന്ത്യസ്പോറയുടെ സ്ഥാപകൻ എം.ആർ. രംഗസ്വാമി പറഞ്ഞു.
കമല ഹാരിസിനായി ധനസമാഹരണത്തിന് മുന്നിൽനിന്ന അജയ് ജെയിൻ ഭടൂരിയയും ട്രംപിനെ അഭിനന്ദിച്ചു. ’നിയുക്ത പ്രസിഡൻറ് ട്രംപിന് അഭിനന്ദനങ്ങൾ. ആദ്യത്തെ വനിത പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിൽ അമേരിക്ക വീണ്ടും പരാജയപ്പെട്ടു. അതിർത്തി പ്രശ്നങ്ങൾ, സമ്പദ്വ്യവസ്ഥ, കുടിയേറ്റം, കുറ്റകൃത്യങ്ങൾ, യുദ്ധങ്ങൾ എന്നിവ കൈകാര്യം ചെയ്യാനുള്ള മാറ്റത്തിനായി ആളുകൾ വോട്ട് ചെയ്തു.
അവരുടെ തെരഞ്ഞെടുപ്പിനെ മാനിക്കുന്നു. ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തു -അദ്ദേഹം പറഞ്ഞു.
ന്യൂയോർക് ആസ്ഥാനമായ പ്രമുഖ വ്യവസായി അൽ മേസണും ട്രംപിനെ അഭിനന്ദിച്ചു. രണ്ട് കൊലപാതക ശ്രമങ്ങളിൽ നിന്ന് ട്രംപിനെ ദൈവം രക്ഷിച്ചു. അതിന് ഒരു കാരണമുണ്ട്, അമേരിക്കൻ ജനതക്കും ഇതര ലോകത്തിനും അദ്ദേഹം ഒരു മിശിഹയാകാൻ പോകുന്നു. വളരെ സമ്പന്നമായ ഒരു അമേരിക്ക ഉണ്ടാകും.
യുദ്ധങ്ങളില്ലാത്ത ഒരു സുരക്ഷിത ലോകം. അമേരിക്കൻ ഐക്യനാടുകൾക്ക് ഒരു സുവർണ കാലഘട്ടം ആരംഭിക്കുന്നു -അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ് കൗൺസിൽ അധ്യക്ഷൻ ഡോ. കൃഷ്ണ റെഡ്ഡിയും മിന്നുംവിജയത്തിൽ ട്രംപിനെ അഭിനന്ദിച്ചു.
‘നിരാശ വേണ്ട, ഇരുട്ടിലാണ് നക്ഷത്രങ്ങൾ പ്രകാശിക്കുക’
വാഷിങ്ടൺ: തോൽവി അംഗീകരിച്ച്, നിരാശരായ അനുയായികൾക്ക് ഊർജം പകർന്ന് കമല ഹാരിസ്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്ത് നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ, പ്രചാരണത്തിന് ഊർജം പകർന്ന പോരാട്ടം തുടരുമെന്ന് കമല പ്രഖ്യാപിച്ചു. കമലയുടെ വിജയം ആഘോഷിക്കാൻ തയാറെടുത്തിരുന്ന അണികളെ നിരാശരാക്കിയാണ് ഫലം പുറത്തുവന്നത്. ചൊവ്വാഴ്ച രാത്രി കമല അനുയായികളോട് സംസാരിക്കുമെന്ന് കരുതിയിരുന്നെങ്കിലും തോൽവി അറിഞ്ഞതോടെ പിറ്റേ ദിവസത്തേക്ക് നീട്ടിവെക്കുകയായിരുന്നു.
ഈ തെരഞ്ഞെടുപ്പ് ഫലത്തിനുവേണ്ടിയല്ല പോരാടിയതെന്ന് കമല പറഞ്ഞു. എന്നാൽ, ഫലം അംഗീകരിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വം. അമേരിക്കൻ വാഗ്ദാനത്തിന്റെ പ്രകാശം എന്നും തിളങ്ങി നിൽക്കും. രാജ്യത്തിെന്റ അടിസ്ഥാന തത്ത്വങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടു പോകരുതെന്നും അവർ അണികളോട് ആവശ്യപ്പെട്ടു. ഇരുണ്ട നാളുകളിലേക്ക് പ്രവേശിച്ചതായി പലർക്കും തോന്നുന്നുണ്ടാകും. എന്നാൽ, ഇരുട്ടിലാണ് നക്ഷത്രങ്ങൾ പ്രകാശിക്കുകയെന്ന് കമല വികാരഭരിതയായി പറഞ്ഞു.
ട്രംപിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായും കമല പറഞ്ഞു. സുഗമമായ അധികാര കൈമാറ്റത്തിന് പൂർണ പിന്തുണ നൽകുമെന്നും കമല ട്രംപിന് ഉറപ്പുനൽകി. പ്രസിഡന്റ് ജോ ബൈഡൻ ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. സുഗമമായ അധികാര കൈമാറ്റവും അദ്ദേഹം ഉറപ്പുനൽകി. വൈറ്റ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്താൻ അദ്ദേഹം ട്രംപിനെ ക്ഷണിച്ചു.
‘‘കമല, ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു’’
മിഷിഗൺ: ട്രംപിന്റെ ജയം ഡെമോക്രാറ്റിക് കേന്ദ്രങ്ങളെ സങ്കടത്തിലാഴ്ത്തിയപ്പോൾ, അറബ് അമേരിക്കക്കാരുടെ പ്രതികരണം കൗതുകകരമെന്ന് അൽജസീറ. ‘കമല ഹാരിസ്, ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് തന്നിരുന്നു’വെന്നാണ് മിഷിഗണിലെ ഡിയർബോണിൽ ഒരു അറബ് ആക്ടിവിസ്റ്റ് പ്രതികരിച്ചത്. ‘വംശഹത്യയെന്നത് മോശം രാഷ്ട്രീയമാണെ’ന്നായിരുന്നു മറ്റൊരുാളുടെ പ്രതികരണം.
ഗസ്സ വംശഹത്യക്ക് ഇസ്രായേലിനുള്ള യു.എസ്സിന്റെ നിരുപാധിക പിന്തുണ അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്ന, കമലയോടുള്ള അറബ് അമേരിക്കൻ സമൂഹത്തിന്റെ നിരന്തര അഭ്യർഥന അവഗണിക്കപ്പെട്ടതിലുള്ള രോഷമായിരുന്നു പലരും പ്രകടിപ്പിച്ചത്. ഇത് പരമ്പരാഗത ഡെമോക്രാറ്റ് വോട്ടുകൾ കമലക്ക് നഷ്ടമാക്കിയെന്നും അതാണ് തോൽവിയിലെ ഒരു ഘടകമെന്നും ആദം അബൂസലാഹ് എന്ന അറബ് അമേരിക്കൻ സന്നദ്ധ പ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താൽ തന്നെ അമേരിക്കൻ യുവസമൂഹവും കമലയെ കൈയൊഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.