ബീജിങ്: ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ പ്രതീക്ഷയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ടെന്ന് രാജ്യത്തെ ജനങ്ങളോട് പ്രസിഡന്‍റ് ഷി ജിൻപിങ്. ശനിയാഴ്ച പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പകർച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവരും ദൃഢനിശ്ചയത്തോടെയാണ് പ്രവർത്തിക്കുന്നത്. പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ട്"- ഷി പറഞ്ഞു. രാജ്യത്ത് കോവിഡ് വീണ്ടും പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. തിങ്കളാഴ്ച മാധ്യമങ്ങളുമായി സംസാരിച്ചപ്പോൾ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായുള്ള ഫലപ്രധമായ നടപടികൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ലോകത്ത് ആദ്യമായി ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് വ്യാപിച്ച് മൂന്ന് വർഷങ്ങൾക്കിപ്പുറം ഈ മാസമാണ് രാജ്യത്തെ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഭരകൂടം തയാറായത്. പ്രായമായവരെയാണ് കോവിഡ് ബാധിച്ച് ചൈനയിലെ ആശുപത്രകളിൽ കൂടുതലായി പ്രവേശിപ്പിക്കുന്നത്. ശ്മശാനങ്ങൾ നിറയുകയും രാജ്യത്തെ പല ഫാർമസികളിലും മരുന്നിന് ക്ഷാമം നേരിടുന്ന അവസ്ഥയുമുണ്ട്.
ചൈനയിൽ പുതുതായി 7,000ലധികം കോവിഡ് കേസുകളും ഒരു മരണവും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. എന്നാൽ രാജ്യം നൽകുന്ന കണക്കുകൾ യാഥാർഥ്യമല്ലെന്ന ആരോപണം ഇപ്പോഴും ഉയരുന്നുണ്ട്. ജനുവരി എട്ട് മുതൽ ചൈനയിലെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ക്വാറന്റൈൻ അവസാനിപ്പിക്കുമെന്നും മൂന്ന് വർഷത്തെ നിരാശക്ക് ശേഷം ചൈനക്കാരെ വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ ഫ്രാൻസ് ഇറ്റലി ഉൾപ്പെടെയുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ജപ്പാനും ചൈനയിൽ നിന്ന് വരുന്ന യാത്രക്കാരിൽ നിന്ന് കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.