അപർണ വേണുഗോപാൽ

'റൊമാനിയയിൽ എത്താനുള്ള വഴികൾ അന്വേഷിക്കുകയാണ്'; യു​ക്രെയ്നിൽനിന്ന് മലയാളി വിദ്യാർഥി

ഒഡേസ: റൊമാനിയയിൽനിന്ന് നാളെ ഇന്ത്യയിലേക്ക് വിമാനമു​ണ്ടെന്നും അവിടേക്ക് എത്താനുള്ള വഴികൾ അന്വേഷിക്കുകയാണെന്നും യുക്രെയ്നിലെ ഒഡേസയിലുള്ള മെഡിക്കൽ വിദ്യാർഥി തിരുവനന്തപുരം സ്വദേശി അപർണ വേണുഗോപാൽ പറയുന്നു. എന്നാൽ, ഇപ്പോൾ നിൽക്കുന്നയിടത്ത് തന്നെ സുരക്ഷിതമായി കഴിയാനാണ് എംബസി അധികൃതർ പറയുന്നതെന്നും അപർണ പറഞ്ഞു.

'ഇന്നലെ എല്ലാവരും തന്നെ ഭക്ഷണവും വെള്ളവുമെല്ലാം വാങ്ങിവെച്ചിട്ടുണ്ട്. കടകളിലെല്ലാം സാധനങ്ങൾ കുറവാണ്. അരിയടക്കമുള്ള വസ്തുക്കൾ ലഭിക്കാൻ മൂന്ന് കടകളിൽ കയറിയിറ​ങ്ങേണ്ടി വന്നു. വെള്ളമെല്ലാം സംഭരിച്ചുവെച്ചിട്ടുണ്ട്.

രാത്രി വെടിയൊച്ചകൾ കേട്ടിരുന്നു. തുറമുഖത്തിന്റെ ഭാഗത്തായി ഷെല്ലാ​ക്രമണം നടന്നു. രാവിലെ വീണ്ടും ആക്രമണത്തിന്റെ ശബ്ദങ്ങളുണ്ടായിരുന്നു. എല്ലാവരും അവരവരുടെ അപ്പാർട്ട്മെന്റുകളിൽ സുരക്ഷിതരായി കഴിയുകയാണ്. ഹോസ്റ്റലുകളിലുള്ളവരെ ബങ്കറുകളിലേക്ക് മാറ്റി.

അപ്പാർട്ട്മെന്റുകളിൽ കഴിയുന്നവർ താഴത്തെ നിലയിലാണ് നിൽക്കേണ്ടത്. വ്യോമാക്രമണം ഉള്ളതിനാൽ കെട്ടിടങ്ങളുടെ മുകളിൽ നിൽക്കരുതെന്ന് നിർദേശമുണ്ട്. നിലവിൽ ആവശ്യത്തിന് ഭക്ഷണം കൈയിലുണ്ട്. എന്നാൽ, വരുംദിവസങ്ങളിൽ കുറയാനാണ് സാധ്യത. പുറത്തുപോയി വാങ്ങുന്നത് സുരക്ഷിതമാവില്ല.

ഒഡേസയിൽനിന്ന് അടുത്തുള്ള രാജ്യം റൊമാനിയ ആണ്. അവിടേക്ക് എങ്ങനെയെങ്കിലും പോകാൻ കഴിയുമോ എന്നാണ് നോക്കുന്നത്. എംബസിയിൽ വിളിച്ചപ്പോൾ, എവിടെ​യാണോ നിൽക്കുന്നത് അവിടെ സുരക്ഷിതരായി കഴിയാനാണ് നിർദേശിച്ചിട്ടുള്ളത്. സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെങ്കിൽ റൊമാനിയയിൽ പോകാമെന്നും അവർ പറഞ്ഞു. അവിടെനിന്ന് വിമാനം ഉണ്ടെന്നാണ് അറിയുന്നത്. ഇവിടെ നിൽക്കണോ, അതോ അങ്ങോ​ട്ട് പോകണോ എന്നറിയാൻ വേണ്ടി ഏജൻസിയെയെല്ലാം വിളിച്ച് അന്വേഷിക്കുന്നുണ്ട്' -അപർണ പറഞ്ഞു.

'എംബസി അധികൃതരെ വിളിച്ചപ്പോൾ രക്ഷാദൗത്യം തുടങ്ങിയിട്ടുണ്ടെന്നാണ് അറിയിച്ചത്. ഒഡേസയിൽനിന്നുള്ളവരെ റൊമാനിയയിലേക്കാണ് കൊണ്ടുപോവുക. ഇതിനായി ഏജൻസിയെ ബന്ധപ്പെടണം. അവരാണ് വാഹനം ഒരുക്കുക. ബസിന് മുന്നിൽ ഇന്ത്യൻ പതാക സ്ഥാപിച്ചാകും കൊണ്ടുപോവുക.

ഏജൻസി​യുമായി സംസാരിച്ചിട്ടുണ്ട്. കോഓഡിനേറ്ററുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്നാണ് ഏജൻസി അറിയിച്ചത്. ഉടൻ പോകാനാകുമെന്ന പ്രത്യാശയിലാണ് അവർ. ഞങ്ങൾ യാത്രക്കായി ബാഗെല്ലാം തയാറാക്കി വെച്ചിരിക്കുകയാണ്. അത്യാവശ്യമുള്ള സാധനങ്ങളും ഭക്ഷണങ്ങളുമെല്ലാം എടുത്തുവെച്ചിട്ടുണ്ട്' -അപർണ കൂട്ടിച്ചേർത്തു.

അപർണയും സുഹൃത്തുക്കളും നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് മൂന്നിനായിരുന്നു വിമാനം. പക്ഷേ, വിമാനം റദ്ദാക്കിയതോടെ ഇവർ ഇവിടെ കുടുങ്ങുകയായിരുന്നു. അടിയന്തര സാഹചര്യത്തിന്റെ പ്രാധാന്യം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അനുകൂല മറുപടി പ്രതീക്ഷിച്ചിരിക്കുകയാണെന്നും ഒഡേസയിൽനിന്ന് 'മാധ്യമം ഓൺലൈനി'ന് നൽകിയ വിഡിയോ സന്ദേശത്തിൽ അപർണ പറഞ്ഞിരുന്നു. ഒഡേസ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് ഇവർ.

Tags:    
News Summary - ‘Looking for ways to get to Romania’; Malayalee student from Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.