പാരിസ്: ഫ്രാൻസിൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അധികാരത്തിൽ തുടരും. 58 ശതമാനം വോട്ടുകൾ നേടിയാണ് തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലിയിലെ മരീൻ ലീ പെന്നിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. ഇതോടെ 20 വർഷത്തിനിടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഫ്രഞ്ച് പ്രസിഡന്റായി 44 കാരനായ മാക്രോൺ . 42 ശതമാനം വോട്ടാണ് ലീ പെന്നിന് നേടാനായത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ 53കാരിയായ ലീ പെൻ നേരിടുന്ന മൂന്നാം തോൽവിയാണിത്. 2017ൽ മാക്രോണിനോട് തന്നെയാണ് തോൽവി ഏറ്റുവാങ്ങിയത്.
ഇന്ധന വിലക്കയറ്റം അടക്കം പ്രശ്നങ്ങൾ ഉയർത്തി ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിൽ ലെ പെൻ വിജയിച്ചുവെങ്കിലും തീവ്രവലതുപക്ഷം അധികാരത്തിലെത്തുമോ എന്ന ആശങ്ക വോട്ടർമാരെ കൂട്ടത്തോടെ പോളിങ് സ്റ്റേഷനിലേക്ക് നയിച്ചതാണ് മാക്രോണിന് തുണയായത്.
അതേസമയം, പോരാട്ടം തുടരുമെന്നും ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് മുതൽ നടക്കുന്ന ഗൂഡാലോചനാ തന്ത്രങ്ങളെ അപലപിക്കുന്നതായും ലെ പെൻ വ്യക്തമാക്കി. വിജയിച്ചില്ലെങ്കിൽ വിരമിക്കാൻ പദ്ധതിയിട്ടിരുന്നതായ റിപ്പോർട്ടുകൾ തള്ളിയ അവർ, ഫ്രാൻസിനോടുള്ള എന്റെ പ്രതിബദ്ധത തുടരുമെന്നും, ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനായി പോരാട്ടം തുറന്നതായും പ്രഖ്യാപിച്ചു. അതിനിടെ, യൂറോപ്യൻ യൂനിയൻ നേതാക്കൾ മാക്രോണിന്റെ വിജയത്തിൽ അഭിനന്ദമറിയിച്ചു. ഇത് യൂറോപ്യൻ യൂണിയൻ ഐക്യത്തിന്റെ വിജയമാണെന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.