യുനൈറ്റഡ് നേഷൻസ്: ഇന്ത്യ സമ്മാനിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ (യു.എൻ) ആസ്ഥാനത്ത് സ്ഥാപിച്ചു. ഐക്യരാഷ്ട്രസഭയുടെ നോർത്ത് ലോണിൽ നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യു.എൻ. സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭജൻ 'വൈഷ്ണവ് ജൻ തോ' ചൊല്ലുകയും 'രാഷ്ട്രപിതാവിന്' പുഷ്പാർച്ചന നടത്തുകയും ചെയ്തു.
അക്രമം, സായുധ സംഘട്ടനങ്ങൾ, മാനുഷിക അടിയന്തരാവസ്ഥകൾ എന്നിവയുമായി ലോകം പൊരുതുമ്പോൾ മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ ലോകമെമ്പാടും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ നയിക്കുന്നത് തുടരുമെന്ന് എസ്. ജയ്ശങ്കർ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പ്രതിമ യു.എന്നിൽ അനാച്ഛാദനം ചെയ്യുന്നത് ഈ ആശയങ്ങൾ നന്നായി പിന്തുടരാനും ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ലക്ഷ്യമായ സമാധാനപരമായ ലോകം സൃഷ്ടിക്കാനുമുള്ള ഓർമപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയെപ്പോലെ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളോടും മൂല്യങ്ങളോടും യോജിച്ചുപോകുന്ന ചുരുക്കം ചിലർ ചരിത്രത്തിലുണ്ടെന്ന് തന്റെ ഈ വർഷത്തെ ഇന്ത്യാ സന്ദർശനം ഓർമിപ്പിച്ചുവെന്ന് യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് പറഞ്ഞു.
യു.എന്‍ പൊതുസഭയുടെ 77-ാമത് സെഷന്‍ പ്രസിഡന്റ് സിസാബ കൊറോസിയും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജും ചടങ്ങില്‍ പങ്കെടുത്തു. രക്ഷാസമിതി അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിനൊപ്പമാണ് ഗാന്ധിയുടെ പ്രതിമയും സ്ഥാപിച്ചത്. പത്മശ്രീ ജോതാവും പ്രശസ്ത ഇന്ത്യൻ ശിൽപിയുമായ റാം സുതാറാണ് പ്രതിമ നിർമിച്ചത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ശില്‍പങ്ങളും മറ്റും യു.എന്‍ ആസ്ഥാനത്ത് സ്ഥാപിക്കാറുണ്ട്. എന്നാൽ യു.എന്നിന്റെ ആസ്ഥാനത്ത് ആദ്യമായാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.