ക്വാലാലംപുർ: മുൻ പ്രധാനമന്ത്രി നജീബ് റസാഖ് ജയിലിലേക്ക്. പൊതുഖജനാവിൽനിന്ന് ശതകോടികൾ തട്ടിയ 1എം.ഡി.ബി അഴിമതിക്കേസിൽ 12 വർഷം തടവുശിക്ഷ വിധിച്ചതിനെതിരെ നൽകിയ അപ്പീൽ കോടതി തള്ളിയതോടെയാണ് നജീബിന് ജയിൽ ഉറപ്പായത്. ആദ്യമായാണ് രാജ്യത്ത് പ്രധാനമന്ത്രിപദത്തിലിരുന്ന ഒരാൾ അഴികൾക്കുള്ളിലാകുന്നത്.
2020 ജൂലൈയിലാണ് നജീബ് കുറ്റക്കാരനാണെന്ന് കീഴ് കോടതി കണ്ടെത്തിയത്. 12 വർഷം ജയിലും 4.7 കോടി ഡോളർ നഷ്ടപരിഹാരവുമായിരുന്നു ശിക്ഷ. ഇതിനെതിരെ നൽകിയ അപ്പീലിൽ വിധിപറയാനിരിക്കെ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് തെങ്കു മൈമൂനെ മാറ്റാനാവശ്യപ്പെട്ട് നജീബ് കോടതിയിലെത്തിയെങ്കിലും തള്ളി. ഇതിനു പിന്നാലെയാണ് അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി.
നജീബ് പ്രധാനമന്ത്രിയായ ആദ്യവർഷം സ്ഥാപിച്ച സർക്കാർ പൊതുഫണ്ടായ 1എം.ഡി.ബിയിൽനിന്ന് 450 കോടി ഡോളർ മുതിർന്ന ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തട്ടിയെടുത്തെന്നാണ് കേസ്. 100 കോടി ഡോളർ ഇതുവരെയായി നജീബിന്റെ വിവിധ അക്കൗണ്ടുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.
നജീബിന് പുറമെ മുതിർന്ന ഉദ്യോഗസ്ഥർ, ലോകമൊട്ടുക്കുമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയും തട്ടിപ്പിൽ പങ്കാളിയായെന്നാണ് കണ്ടെത്തൽ. നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ട നജീബ് ഏഴെണ്ണത്തിൽ ശിക്ഷിക്കപ്പെട്ടു. എന്നാൽ, എല്ലാറ്റിലും നിരപരാധിയാണെന്ന് നജീബ് പറയുന്നു.Malaysia
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.