മാലദ്വീപ് പ്രോസിക്യൂട്ടർ ജനറലിനെ പട്ടാപ്പകൽ അജ്ഞാത സംഘം കുത്തിപ്പരിക്കേൽപിച്ചു

മാലദ്വീപ് പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിനെ പട്ടാപ്പകൽ അജ്ഞാത അക്രമിസംഘം കുത്തിപ്പരിക്കേല്‍പിച്ചു. ബുധനാഴ്ച രാവിലെ മാലെ നഗരത്തിലെ നൂര്‍ മോസ്‌കിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്.

ഗുരുതരമായി പരിക്കേറ്റ ഹുസൈൻ എ.ഡി.കെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് പ്രോസിക്യൂട്ടറുടെ ഓഫിസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെ ചൊല്ലി രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നതിനിടെയാണ് സംഭവം. ഹുസൈന്‍റെ കൈക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൈത്തണ്ടയിലാണ് കുത്തേറ്റത്.

ഇബ്രാഹിം മുഹമ്മദ് സാലിഹിന്‍റെ നേതൃത്വത്തിലുള്ള എം.ഡി.പി (മാലിദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) രാജ്യം ഭരിക്കുന്ന സമയത്താണ് ഹുസൈനെ പ്രോസിക്യൂട്ടര്‍ ജനറലായി നിയമിച്ചത്. നിലവിൽ എം.ഡി.പി പ്രതിപക്ഷത്താണ്. ആക്രമണം നടന്ന സമയത്ത് സ്ഥലത്ത്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്. ചൈനയോട് കടുത്ത ആഭിമുഖ്യം പുലർത്തുന്ന മുയിസു അടുത്തിടെ ചൈനീസ് ചാരക്കപ്പലിന് രാജ്യത്ത് നങ്കൂരമിടാൻ അനുവാദം നൽകിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഇംപീച്ച്മെന്റിനായുള്ള നടപടികൾ പ്രതിപക്ഷം പാർലമെന്റിൽ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡെമോക്രാറ്റുകളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എം.ഡി.പി മുയിസുവിനെതിരെ നീക്കം നടത്തുന്നത്.

എം.ഡി.പിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുയിസു പ്രസിഡൻറായി അധികാരമേറ്റതു മുതലാണ് ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം വഷളായത്.

Tags:    
News Summary - Maldives Prosecutor General Brutally Stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.