ലോസ് ആഞ്ജലസ്: ലോസ് ആഞ്ജലസ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ പറന്നുയരാൻ തുടങ്ങിയ വിമാനത്തിൽനിന്ന് ചാടിയ യാത്രക്കാരൻ അറസ്റ്റിൽ. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോസ് ആഞ്ജലസ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ യുനൈറ്റഡ് എക്സ്പ്രസ് ഫ്ലൈറ്റ് 5365ൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
വിമാനം ചലിച്ചുതുടങ്ങിയതോടെ യാത്രക്കാരൻ പുറത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ എമർജൻസി വാതിൽ തുറന്ന് റൺവേയിലേക്ക് ചാടി. വിമാനത്താവള അധികൃതർ ഉടൻതന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റതിനാൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. പരിക്ക് ഗുരുതരമല്ല.
പിന്നീട് മണിക്കൂറുകൾക്കു ശേഷമാണ് സാൾട്ട് ലേക്ക് സിറ്റിയിലേക്കുള്ള വിമാനം പറന്നുയർന്നത്. വിമാനത്തിലുണ്ടായിരുന്ന മറ്റാർക്കും പരിക്കിലെന്നും ഫെഡറൽ ഏവിയേഷൻ അഡ്ഗമിനിസ്ട്രേഷൻ അറിയിച്ചു.
രണ്ടു ദിവസത്തിനുള്ളിൽ ലോസ് ആഞ്ജലസ് വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. വ്യാഴാഴ്ച ഒരു കാർ ഡ്രൈവർ വാഹനവുമായി കാർഗോ ഫെസിലിറ്റിക്ക് സമീപം അനധികൃതമായി പ്രവേശിച്ചിരുന്നു. തുടർന്ന് ഇയാളെ പൊലീസ് പിന്തുടരുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് രണ്ടു റൺവേകൾ ഭാഗികമായി അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.