കേപ്ടൗണ്‍: ഡിസംബറില്‍ ഇസ്രായേലില്‍ നടക്കാനിരിക്കുന്ന മിസ് യൂനിവേഴ്‌സ് സൗന്ദര്യ മത്സരം ബഹിഷ്‌കരിക്കണമെന്ന് നെല്‍സണ്‍ മണ്ടേലയുടെ പേരക്കുട്ടിയും സൗത്ത് ആഫ്രിക്ക നാഷണല്‍ അസംബ്ലി അംഗവുമായ മണ്ട്‌ല മണ്ടേല.ആഫ്രിക്കൻ രാജ്യങ്ങളോടാണ് അദ്ദേഹം ആഹ്വാനം നടത്തിയത്. ഇതോടൊപ്പം മറ്റ് രാജ്യങ്ങളെ ഇക്കാര്യത്തിന് പ്രേരിപ്പിക്കണമെന്നും മണ്ട്‌ല മണ്ടേല ആഹ്വാനം ചെയ്തു.
ഫലസ്തീനെ കയ്യേറ്റം ചെയ്യുന്ന ഇസ്രഈലിന്റെ വിവേചനപരമായ അധിനിവേശ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മണ്ട്‌ല മണ്ടേലയുടെ പ്രസ്താവന. മിസ് യൂനിവേഴ്‌സ് പരിപാടി ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്‍സ്റ്റഗ്രാമിലും മണ്ട്‌ല മണ്ടേല കുറിപ്പെഴുതി. സൗത്ത് ആഫ്രിക്കയില്‍ നിലനിന്നിരുന്ന വർണ വിവേചനങ്ങൾക്ക് സമാനമാണ് ഇസ്രയേലിലെ ഫലസ്തീൻ അധിനിവേശമെന്ന് അദ്ദേഹം കുറിച്ചു.
സൗത്ത് ആഫ്രിക്കയിലെ വിവേചനങ്ങളെ എതിര്‍ത്ത് ഒറ്റക്കെട്ടായി നില്‍ക്കാന്‍ മുമ്പ് ആവശ്യപ്പെട്ടപ്പോള്‍ ലോകം കേട്ടിട്ടുണ്ടെന്നും ഇപ്പോള്‍ ഇസ്രഈലിന്റെ അധിനിവേശത്തിനെതിരെ നില്‍ക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും മണ്ട്‌ല മണ്ടേല പറഞ്ഞു. മിസ് യൂണിവേഴ്‌സ് മത്സരം ബഹിഷ്‌കരിക്കണമെന്ന് മിസ് സൗത്ത് ആഫ്രിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ ഫലസ്തീനിയന്‍ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ നമ്മള്‍ ന്യായീകരിക്കുകയോ പിന്താങ്ങുകയോ ചെയ്യരുത്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിസ് മലേഷ്യ, മിസ് ഇന്തോനേഷ്യ എന്നിവര്‍ മിസ് യൂനിവേഴ്‌സ് പട്ടത്തിനുവേണ്ടി മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇരുവരേയും മറ്റുള്ളവർ മാതൃകയാക്കണമെന്നും മണ്ട്‌ല മണ്ടേല ആവശ്യപ്പെട്ടു. 2021ലെ മിസ് സൗത്ത് ആഫ്രിക്ക പട്ടം 24കാരിയായ ലാലെല സ്വാനെ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു മണ്ട്‌ല മണ്ടേലയുടെ പ്രതികരണം. ഡിസംബറില്‍ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരങ്ങളില്‍ സൗത്ത് ആഫ്രിക്കയെ പ്രതിനിധീകരിക്കേണ്ടത് ലാലെല സ്വാനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.