ആദിവാസി അവകാശ നിഷേധ ബില്ലിനെതിരെ ന്യൂസിലാൻഡ് പാർലമെന്‍റിൽ ‘മാവോറി ഹക്ക’ നൃത്തവുമായി എം.പിമാർ

വെല്ലിങ്ടൺ: രാജ്യത്തെ ആദിമ ന്യൂനപക്ഷ വിഭാഗമായ ‘മാവോറി’കളുമായുള്ള സ്ഥാപക ഉടമ്പടി പുനഃർവ്യാഖ്യാനം ചെയ്യാനുള്ള വിവാദ ബില്ലിനെച്ചൊല്ലിയുള്ള രോഷത്തിനിടെ എം.പിമാർ ‘ഹക്ക’ നടത്തി ന്യൂസിലാൻഡ് പാർലമെന്‍റ് സ്തംഭിപ്പിച്ചു. വ്യാഴാഴ്ച ബില്ലിൽ ആദ്യ വോട്ടെടുപ്പ് നടന്നതിനുപിന്നാലെയാണ് ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പി ഹന റൗഹിതി മൈപി ക്ലാർക്ക് പരമ്പരാഗത ഗ്രൂപ്പ് ഡാൻസിന് തുടക്കമിട്ടത്. മാവോറി എം.പിമാർ എല്ലാവരും ‘ഉശിരൻ’ നൃത്തത്തി​ന്‍റെ ഭാഗമായി.

മാവോറി റൈറ്റ്സ് ഗ്രൂപ്പ് സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധ മാർച്ചായ ‘ഹിക്കോയി’ തലസ്ഥാനമായ വെല്ലിങ്ണിലേക്ക് നീങ്ങുന്നതിനിടെയാണ് പാർലമെന്‍റിൽ പ്രതിഷേധ നൃത്തം. ബില്ലിനെതിരെ ന്യൂസിലാൻഡി​ന്‍റെ വടക്കുഭാഗത്തുനിന്ന് തിങ്കളാഴ്ച ആരംഭിച്ച 10 ദിവസത്തെ മാർച്ചിൽ ആയിരങ്ങൾ ഇതിനകം അണിചേർന്നു. തദ്ദേശീയ ജനവിഭാഗത്തി​ന്‍റെ അവകാശങ്ങളെ ഈ ബിൽ അപകടത്തിലാക്കുമെന്ന് അവർ ഭയപ്പെടുന്നു.

ന്യൂസിലാന്‍റിലെ വംശീയ ബന്ധങ്ങൾക്ക് അടിസ്ഥാനമായ 1840 ലെ ‘വൈതാങ്കി ഉടമ്പടി’യുടെ തത്വങ്ങൾ നിയമപരമായി നിർവചിക്കേണ്ട ആവശ്യമുണ്ടെന്ന് ബിൽ അവതരിപ്പിച്ച രാഷ്ട്രീയ പാർട്ടിയായ ‘ആക്ട്’ വാദിക്കുന്നു. കോളനിവൽക്കരണ സമയത്ത് മാവോറികളോട് ചെയ്ത തെറ്റ് പരിഹരിക്കാനുള്ള ശ്രമത്തിൽ കരാറി​ന്‍റെ അടിസ്ഥാന മൂല്യങ്ങൾ കാലക്രമേണ ന്യൂസിലാൻഡി​ന്‍റെ നിയമങ്ങളിൽ ഇഴചേർന്നിരുന്നു. എന്നാൽ, രാജ്യം ഭരിക്കുന്ന മധ്യ-വലതുപക്ഷ സഖ്യത്തിലെ ചെറിയ കക്ഷിയായ ‘ആക്ട്’ ഇത് രാജ്യത്തെ വംശീയമായി വിഭജിക്കുന്നതിന് കാരണമായെന്നും കോടതികളേക്കാൾ പാർലമെന്‍റിലൂടെ ഉടമ്പടിയെ കൂടുതൽ ന്യായമായി വ്യാഖ്യാനിക്കാൻ ബിൽ അനുവദിക്കുമെന്നും വാദിക്കുന്നു.

ഭരണസഖ്യത്തിലെ എല്ലാ പാർട്ടികളുടെയും പിന്തുണയോടെ വ്യാഴാഴ്ച ബില്ലി​ന്‍റെ ആദ്യ അവതരണം നടന്നു. തുടർന്ന് ബില്ല് കീറിയെറിഞ്ഞ് പ്രതിഷേധിച്ച് സംഘനൃത്തം അവതരിപ്പിച്ച മൈപി ക്ലാർക്കിനെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. ‘ആക്ടി’​ന്‍റെ സഖ്യകക്ഷികൾ അതിനെ പിന്തുണക്കുന്നില്ലെന്ന് സൂചിപ്പിച്ചതിനാൽ ബില്ലി​ന്‍റെ രണ്ടാം അവതരണം പാസാകാൻ സാധ്യതയില്ല.

എന്നാൽ, ബില്ലിനെക്കുറിച്ചും അതി​ന്‍റെ ആഘാതത്തെക്കുറിച്ചും വേവലാതിപ്പെടുന്നവരെ ഇത് ശാന്തമാകുന്നില്ല. പ്രതിഷേധ മാർച്ച് ഇപ്പോഴും പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ‘ഞങ്ങളുടെ ദേശീയ ഐഡന്‍റിറ്റിക്ക് വൈതാങ്കി ഉടമ്പടി വളരെ പ്രധാനമാണെന്ന് സ്ഥാപിക്കാനാണ് മാർച്ചിൽ പ​ങ്കെടുത്തതെന്ന്’ വിൻസ്റ്റൺ പോണ്ട് എന്നയാൾ പറഞ്ഞു. ‘ഞങ്ങൾ ഒരു ഇരട്ട സാംസ്കാരിക അടിത്തറയിൽ നിർമിതമായ ഒരു ബഹു സാംസ്കാരിക സമൂഹമാണെന്നും അത് മാറ്റാൻ കഴിയാത്ത ഒന്നാണെന്നും’ പോണ്ട് കൂട്ടിച്ചേർത്തു.


Full View

Tags:    
News Summary - Maori haka in NZ parliament to protest at bill to reinterpret founding treaty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.