ധാന്യപ്പൊടിയിലും രക്തം ചിന്തി ഇസ്രായേൽ; ഭക്ഷണം വാങ്ങാനെത്തുന്നവരെ ലക്ഷ്യമിട്ട് ആക്രമണം

ഗസ്സ സിറ്റി: കൊടുംപട്ടിണി താങ്ങാനാവാതെ വിശപ്പാറ്റാൻ കൈനീട്ടുന്നവരെ കൊന്നുതള്ളി ഇസ്രായേൽ ക്രൂരത തുടരുന്നു. രണ്ടു ദിവസം മുമ്പ് ഗസ്സ മുനമ്പിലെ ‘മാനുഷിക മേഖല’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് ഭക്ഷ്യ വിതരണത്തിനായി എത്തിയ നിരവധി ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതായി രക്ഷാപ്രവർത്തകരും ഇരകളുടെ ബന്ധുക്കളും അറിയിച്ചതായി ‘മിഡിൽ ഈസ്റ്റ് ഐ’ പുറത്തുവിട്ടു.

റഫയുടെ വടക്ക് മിറാജ് മേഖലയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപം മാരകമായ വ്യോമാക്രമണം ഉണ്ടായി. ഇരകളുടെ രക്തം തറയിലെ മാവിൽ കലർന്നതായി സംഭവസ്ഥലത്ത് നിന്നുള്ള അസ്വസ്ഥജനകമായ ചിത്രങ്ങൾ കാണിക്കുന്നു.

‘മാനുഷിക മേഖല’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്താണ് സംഭവം. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ തങ്ങൾ ഇവിടെ സുരക്ഷിതരാണെന്ന് കരുതിയിരുന്നുവെന്ന് റഫയിലെ റെസ്‌ക്യൂ ടീമുകളുടെ ഡയറക്ടർ സിയാദ് ഫർഹത്ത് പറഞ്ഞു. രക്ഷാപ്രവർത്തന സംഘങ്ങളായ ഞങ്ങൾ കാണുന്നതനുസരിച്ച് ഇവിടെ എവിടെയും മാനുഷിക മേഖല എന്നൊന്നില്ല -ഫർഹത്ത് പറഞ്ഞു.

ബുധനാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ ഖാൻ യൂനിസിലെ മാനുഷിക മേഖലക്കുള്ളിൽ ഇസ്രായേൽ സൈന്യം ഏഴ് ഫലസ്തീനികളെ കൊന്നു. ‘ഏത് മാനുഷിക മേഖല? ഇസ്രായേലികൾ നമ്മെ വിഡ്ഢികളാക്കുകയാണ്’ -ആക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരൻ മാസ​ന്‍റെ മൃതദേഹത്തിനരികിൽ കരഞ്ഞുകൊണ്ട് മഹമൂദ് അബു താഹ പറഞ്ഞു. അവൻ എ​ന്‍റെ അമ്മാവനോടൊപ്പം ഞങ്ങൾക്കായി ഒരു ബാഗ് മാവ് എടുക്കാനും ഒരു കപ്പ് കാപ്പി എടുക്കാനും പോയതായിരുന്നു. ആക്രമണം നടക്കവെ മാസനുമായി ഫോണിൽ സംസാരിച്ചിരുന്നു. പെട്ടെന്ന് അവ​ന്‍റെ ഫോൺ കട്ടായി- മഹമൂദ് അബു താഹ പറഞ്ഞു. ‘മാസെൻ മരിച്ചു. മാസെൻ മരിച്ചു, ആളുകളേ! മാസെൻ മരിച്ചു’വെന്ന് അബു താഹയുടെ അടുത്തിരുന്ന് പിതാവ് മഹർ ഹൃദയം തകർന്നു നിലവിളിച്ചു. ആക്രമണത്തിൽ മഹറിന് മകനെയും സഹോദരങ്ങളെയും മരുമക്കളെയും നഷ്ടപ്പെട്ടു.

ഖാൻ യൂനുസിനും റഫക്കും ഇടയിൽ യാത്ര ചെയ്യുന്ന സാധാരണക്കാർ പതിവായി ഉപയോഗിക്കുന്ന റോഡിൽ ആ​ക്രമണം നടന്നതായി ഗസ്സയിലെ സിവിൽ ഡിഫൻസിൽ സന്നദ്ധസേവനം നടത്തുന്ന പത്രപ്രവർത്തകനായ മുഹമ്മദ് അബു അർമാന പറഞ്ഞു. വളരെ അപകടകരമായി തുടരുന്ന റഫയിലേക്ക് പോകുന്നതിനെതിരെ സിവിൽ ഡിഫൻസ് ആളുകൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ചിലർ ഇപ്പോഴും അവരുടെ വീടുകൾ പരിശോധിക്കാൻ പോകുന്നുവെന്ന് അബു അർമാന പറയുന്നു.

ഈ വർഷമാദ്യം വിവിധ വ്യോമാക്രമണങ്ങളിൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ സഹായം സ്വീകരിക്കാനെത്തിയവ​രിൽ 400 വധിക്കുകയും സഹായ വിതരണ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുകയും ചെയ്തിരുന്നു. തങ്ങളുടെ താൽക്കാലിക കൂടാരങ്ങളിൽ ബോംബെറിഞ്ഞ് കൊല്ലുന്നതിന് മുമ്പ് സുരക്ഷാ വാഗ്ദാനവുമായി ചില മേഖലകളിലേക്ക് പലായനം ചെയ്യാൻ അവർ ആളുകളെ ആവർത്തിച്ച് നിർബന്ധിക്കുന്നുണ്ട്. എന്നാൽ, എവിടെയും രക്ഷയില്ലാത്ത അവസ്ഥയിലാണ് ഗസ്സ മുനമ്പിലുടനീളമുള്ളവർ.

Tags:    
News Summary - War on Gaza: Blood mixed with flour as Israeli kills Palestinians receiving food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.