ഇസ്രായേലിന്റേത് യുദ്ധക്കുറ്റം –ഹ്യൂമൻ റൈറ്റ്സ് വാച്ച്

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ ചെയ്യുന്നത് യുദ്ധക്കുറ്റവും മാനവികതക്കെതിരായ കുറ്റകൃത്യവുമാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്. കൂട്ടമായി ഒഴിപ്പിക്കുന്നവർ സ്ഥിരം അഭയാർഥികളാവാനാണ് സാധ്യത. സുരക്ഷിത മേഖലയെന്ന് വിശേഷിപ്പിച്ച് മാറിത്താമസിക്കാൻ ആവശ്യപ്പെട്ട ഇടങ്ങളിലാണ് സാധാരണക്കാരെ ബോംബിട്ട് കൊല്ലുന്നത്. ഏതെങ്കിലും ഭാഗങ്ങളിൽ ഫലസ്തീനികൾ സുരക്ഷിതരാണെന്ന് ഇസ്രായേൽ ഭരണകൂടത്തിന് അവകാശപ്പെടാൻ കഴിയില്ല. വീടുകളും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളും വ്യാപകമായി ബോധപൂർവം നശിപ്പിക്കുകയാണ്. വൃത്തിഹീനമായ തമ്പുകളിലാണ് ലക്ഷങ്ങൾ താമസിക്കുന്നത്. ഭക്ഷണവും വെള്ളവും ശുചിത്വ സാഹചര്യവും വിലക്കപ്പെട്ടിരിക്കുകയാണ്.

ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ സാന്നിധ്യം നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി അഭിപ്രായപ്പെട്ടതാണ്. വിവിധ രാജ്യങ്ങൾ ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടിൽ പറയുന്നു. അതിനിടെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ ഗണത്തിൽപെടുത്താവുന്ന അക്രമമാണെന്ന് മനുഷ്യാവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമിതിയും വ്യക്തമാക്കി.

മാനുഷിക സഹായം തടഞ്ഞ് പട്ടിണി ആയുധമാക്കുന്നതും യു.എന്നിന്റെ ആവർത്തിച്ചുള്ള അഭ്യർഥന അവഗണിച്ച് സാധാരണക്കാരെയും സന്നദ്ധ പ്രവർത്തകരെയും തിരഞ്ഞുപിടിച്ച് കൊല്ലുന്നതും വംശഹത്യ നീക്കത്തിന്റെ ഭാഗമാണെന്ന് യു.എൻ സമിതി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 24 മണിക്കൂറിനിടെ 24 ഫലസ്തീനികൾ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 43,736 ആയി. 1,03,370 പേർക്ക് പരിക്കേറ്റു.

Tags:    
News Summary - Human Rights Watch accuses Israel of war crimes over Gaza displacements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.