ഇസ്‍ലാമാബാദ്: പാക്കിസ്താന്റെ സമുദ്രാതിർത്തിയിൽ പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്‍റയും വൻ നിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്. എണ്ണ, വാതക ശേഖരത്തിന്റെ സാന്നിധ്യം പരിശോധിക്കാൻ ഒരു സൗഹൃദ രാജ്യവുമായി സഹകരിച്ച് മൂന്ന് വർഷത്തെ സർവേ നടത്തിയതായി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഡോൺ ന്യൂസാ’ണ് പുറത്തുവിട്ടത്. ഭൂമിശാസ്ത്രപരമായ സർവേയിലൂടെ നിക്ഷേപങ്ങളുടെ സ്ഥാനം തിരിച്ചറിയാനായെന്നും കടലിൽ കണ്ടെത്തിയ വിഭവങ്ങളെക്കുറിച്ച് സർക്കാറിനെ അറിയിച്ചതായും പറയുന്നു.
‘നീല ജല സമ്പദ്‌വ്യവസ്ഥ’ എന്ന് ഇതിനെ വിശേഷിപ്പിച്ച ഉദ്യോഗസ്ഥൻ പര്യവേക്ഷണത്തിനും ലേലത്തിനുമുള്ള നിർദേശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയിൽ തന്നെ പര്യവേക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും പറഞ്ഞു. എങ്കിലും കിണർ കുഴിക്കുന്നതിനും എണ്ണ പുറത്തെടുക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് വർഷങ്ങളെടുക്കും. ‘നീല ജല സമ്പദ്‌വ്യവസ്ഥ’ക്ക് എണ്ണയും വാതകവും മാത്രമല്ല, മറ്റു കൂടുതൽ വിളവുകൾ നൽകാനും കഴിയും. സമുദ്രത്തിൽനിന്ന് ഖനനം ചെയ്യാൻ കഴിയുന്ന വിലയേറിയ ഇതര ധാതുക്കളും മൂലകങ്ങളും ഉണ്ട്.
ഈ കണ്ടെത്തൽ ലോകത്തിലെ നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമാണെന്നും സൂചനയുണ്ട്. നിലവിൽ വെനിസ്വേല 3.4 ബില്യൺ ബാരലുമായി എണ്ണ ശേഖരത്തിൽ മുൻപന്തിയിലാണ്. എന്നാൽ, യു.എസിലാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കാത്ത ‘ഷെയ്ൽ’ എണ്ണ ശേഖരം ഉള്ളത്. സൗദി അറേബ്യ, ഇറാൻ, കാനഡ, ഇറാഖ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ബാക്കിയുള്ളത്.
രാജ്യം ശുഭാപ്തിവിശ്വാസത്തിലാണെങ്കിലും കരുതൽ ശേഖരം പ്രതീക്ഷിച്ചതുപോലെ കണ്ടെത്താനാവുമോയെന്ന് 100 ശതമാനം ഉറപ്പില്ലെന്ന് ഡോൺ ടി.വിയോട് സംസാരിക്കവേ മുൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അംഗം മുഹമ്മദ് ആരിഫ് പറഞ്ഞു. രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കരുതൽ ശേഖരം മതിയോ എന്ന് ചോദിച്ചപ്പോൾ അത് ഖനനനിരക്കിനെയും ഉൽപാദനത്തിന്റെ അളവിനെയും ആശ്രയിച്ചിരിക്കുമെന്നായിരുന്നു മറുപടി.
‘ഇതൊരു ഗ്യാസ് റിസർവ് ആണെങ്കിൽ ഇതിന് എൽ.എൻ.ജി ഇറക്കുമതിക്ക് പകരം വെക്കാൻ കഴിയും. ഇവ എണ്ണ ശേഖരമാണെങ്കിൽ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് പകരം വെക്കാനുമാവും. എന്നിരുന്നാലും, കരുതൽ ശേഖരത്തിന്റെ സാധ്യതകൾ വിശകലനം ചെയ്യുകയും ഖനന പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നതുവരെ ഇത് ‘ആഗ്രഹ’ മാണെന്നും അദ്ദേഹം പ്രതികരിച്ചു.
പര്യവേക്ഷണത്തിന് മാത്രം ഏകദേശം 500 കോടി യു.എസ് ഡോളറിന്റെ വൻ നിക്ഷേപം ആവശ്യമാണെന്നും ഒരു തീരത്തുനിന്ന് കരുതൽ ശേഖരം വേർതിരിച്ചെടുക്കാൻ നാലോ അഞ്ചോ വർഷമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരുതൽ ശേഖരം കണ്ടെത്താനായാൽ കിണറുകൾക്കായി കൂടുതൽ നിക്ഷേപം ആവശ്യമായി വരുമെന്നും ഡോൺ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.