ടെൽഅവീവ്: ഇസ്രയേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നു. ശനിയാഴ്ച വൈകീട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഔദ്യോഗിക വസതിക്കുപുറത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പൂർണമായി സർക്കാർ പരാജയപ്പെെട്ടന്നും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ആരോപിച്ച് രാജ്യത്തുടനീളം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയാണ്.
അഴിമതി കേസുകളിൽ വിചാരണ േനരിടുന്ന നെതന്യാഹുവിെൻറ ജനപ്രീതി അടുത്ത കാലത്ത് ഇടിഞ്ഞിരുന്നു. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെയ്തെന്ന ആരോപണത്തെതുടർന്നാണ് അന്വേഷണം നടക്കുന്നത്. ഇതിനൊപ്പമാണ് ഇസ്രായേലിൽ കോവിഡ് രോഗികളുടെ വർധനവുണ്ടായത്.
കൊറോണക്കാലത്ത് ചില സാമ്പത്തിക പാക്കേജുകൾ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ലോക്ഡൗണിലുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികൾ താഴെതട്ടിലേക്കെത്തുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
സർക്കാർ ലോക്ഡൗൺ കാലയളവിൽ പ്രഖ്യാപിച്ച സഹായ സ്കീമുകളൊന്നും ഗുണഭോക്താക്കളിലേക്ക് പൂർണമായി എത്തിയിട്ടില്ലെന്ന് പ്രക്ഷോഭകർ പറയുന്നു. തൊഴിലാളികളും ചെറുകിട സംരംഭകരും, കലാകാരന്മാരുമായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിൽ അധികവും. ബെഞ്ചമിൻ നെതന്യാഹു പ്രക്ഷോഭകരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
കോവിഡ് ഭീതി നിലനിൽക്കെ സർക്കാറിനെ വെല്ലുവിളിച്ച് നടത്തിയ പ്രക്ഷോഭം അധികാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 'ആരോഗ്യ ഭീകരവാദ പ്രവർത്തനം' എന്നാണ് ആരോഗ്യമന്ത്രാലയം പ്രതിഷേധ സംഗമത്തെ വിശേഷിപ്പിക്കുന്നത്.
കോവിഡ് കാരണം എട്ടു ലക്ഷത്തോളം ആളുകൾക്ക് രാജ്യത്ത് ജോലി നഷ്ടമായതായാണ് കണക്ക്. ചെറുകിട സംരംഭകരെയും കൂലിത്തൊഴിലാളികളെയുമാണ് ലോക്ഡൗണും പിന്നാലെയുള്ള കോവിഡ് നിയന്ത്രണങ്ങളും കാര്യമായി ബാധിച്ചത്. 72218 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്ത് 526 പേർ മരിച്ചു.
ഇതിനിടെ ഇസ്രയേൽ ഔദ്യോഗിക മുദ്രയായ മെനോറ പ്രതിമക്കുമുകളിൽ കയറിയ സ്ത്രീ മേൽവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.